തിരുവനന്തപുരം : കഞ്ചാവ് കച്ചവടം ചെയ്ത കേസിൽ എസ്.എഫ്.ഐ നേതാവ് അറസ്റ്റിലായ വാർത്ത കൊടുത്തതിന് തിരുവനന്തപുരം കേരളകൗമുദി ഓഫീസിന് നേരെ എസ് എഫ് ഐ ആക്രമണവും അസഭ്യവർഷവും. ഇന്നലെ വൈകിട്ടോടെയാണ് അഞ്ചംഗ സംഘം ഓഫീസിലെത്തി ഭീഷണി മുഴക്കിയത്.
റിസപ്ഷനിസ്റ്റിനും സെക്യൂരിറ്റിക്കും നേരെയുമാണ് അസഭ്യവർഷവും അതിക്രമവും നടത്തിയത് .ഗവൺമെന്റ് നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നിന്ന് എസ്. എഫ് ഐ വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ജഗിൽ ചന്ദ്രന്റെ മുറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയ വാർത്ത നൽകിയതാണ് അക്രമത്തിന് പ്രകോപനമായത്.
വാർത്ത പിൻവലിച്ചില്ലെങ്കിൽ ഓഫീസ് കത്തിക്കുമെന്നും അക്രമി സംഘം ഭീഷണി മുഴക്കി. സംഭവത്തിൽ കേരളാ കൗമുദി അധികൃതർ പേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. തുടർന്ന് ഓഫീസിന് പൊലീസ് സംരക്ഷണം നൽകി.
എസ്.എഫ്.ഐ നേതാവും ആയൂർ സ്വദേശിയുമായ ജഗിൽ ചന്ദ്രന്റെ മുറിയിൽ നിന്ന് പൊതികളാക്കി സൂക്ഷിച്ച അരക്കിലോ കഞ്ചാവ് ആണ് മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ കോടതിയിൽ ഹാജരാക്കിയിരുന്നു.