ഈ വര്ഷം അവസാനം ഭുവനേശ്വറിൽ നടക്കുന്ന ഇരുപത്താറാമത് കുട്ടികളുടെ ദേശീയ സയൻസ് കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന പ്രോജക്ടുകൾ തിരഞ്ഞെടുക്കാൻ ആണ് വിജ്ഞാൻ ഭാരതിയുടെ യു എ ഇ ഘടകമായ സയൻസ് ഇന്ത്യ ഫോറം ദുബായിൽ ചിൽഡ്രൻ ഇന്നൊവേഷൻ ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. ദുബായ് അൽ ബർഷായിലെ ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ യു എ ഇ യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള അൻപതിലേറെ സ്കൂളുകൾ പങ്കെടുത്തു.
98 പ്രോജക്ടുകൾ മേളയിൽ അവതരിപ്പിച്ചു. പ്രമുഖ ശാസ്ത്രജ്ഞരായ ഡോ ഹേമന്ത് പാണ്ഡെ, ഡോ അജയ് മഹാജൻ എന്നിവരാണ് കുട്ടികളുടെ മികച്ച പ്രോജക്ടുകൾ തിരഞ്ഞെടുത്തത്. ലേഖന രചന മത്സരം, പോസ്റ്റർ നിർമാണം, ശാസ്ത്ര സംബന്ധമായ സ്കിറ്റുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടായിരുന്നു. 650 ലേറെ കുട്ടികൾ മേളയിൽ പങ്കെടുത്തു. ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ചെയർമാൻ അമോൽ വൈദ്യ , പ്രിൻസിപ്പാൾ രമേശ് മുദ്ഗൽ, സയൻസ് ഇന്ത്യ ഫോറം മിഡിൽ ഈസ്റ്റ് ഓർഗനൈസിംഗ് സെക്രട്ടറി അബ്ഗ രവീന്ദ്രനാഥ്, യു എ ഇ സെക്രട്ടറി മോഹൻ ദാസ്, സ്മിത വിനോദ്, ദീപക് എന്നിവർ സമാപന ചടങ്ങിൽ സംബന്ധിച്ചു.