ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഇന്‍ഷുറന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുക രണ്ടു സ്ലാബുകളില്‍. 5 ലക്ഷം രൂപയാണ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ലഭിക്കുക. 2011 ലെ സെന്‍സസ് പ്രകാരം പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പരിഗണന ലഭിക്കുന്നത്. വളരെ ചെറിയ ശതമാനമേ ഈ പരിധിയില്‍ വരൂ എന്നതിനാല്‍ രണ്ടു ലക്ഷത്തിന്റേയും മൂന്നുലക്ഷത്തിന്റേയും രണ്ടു സ്ലാബുകളാക്കി പദ്ധതിയെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്.
ആയുഷ്മാന്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ധാരണാ പത്രം ഒപ്പിട്ടു കഴിഞ്ഞു. കാരുണ്യ ബെനവലന്റ് പദ്ധതി ഉള്‍പ്പെടെ മറ്റ് ആരോഗ്യ പദ്ധതികള്‍ ആയുഷ്മാന്‍ ഭാരതിന്റെ ഭാഗമാക്കി മാറ്റും .
പത്തുകോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സര്‍ക്കാര്‍ അടയ്ക്കും. 12,000 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്കൊപ്പം തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാകുകയും ചെയ്യും. ആശുപത്രിയില്‍ കിടത്തി ചികിത്സക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചിലവുകള്‍ ആയുഷ്മാന്‍ പദ്ധതിയുടെ ഭാഗമാണ്.
ദരിദ്രവും അവശത അനുഭവിക്കുന്നതുമായ പത്തു കോടിയിലേറെ കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണു പദ്ധതി.