ശബരിമല : ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും,വിശ്രമിക്കാനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്.എന്നാൽ വലിയ നടപ്പന്തലിൽ ഉറങ്ങാൻ അനുവദിക്കില്ലെന്ന് ഐ ജി വിജയ് സാക്കറെ പറഞ്ഞു.
സന്നിധാനത്തെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള ഇടം പോലും നൽകാത്ത പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതിന് പുറമെ ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെപി ശശികല ടീച്ചർ, ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ഹൈക്കോടതി ശബരിമലയിൽ സർക്കാർ സ്വീകരിച്ച നടപടികൾ അതിരു കടന്നതാണെന്ന് വിമർശിച്ചിരുന്നു.മാത്രമല്ല അയ്യപ്പന്മാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും,പൊലീസ് നിയന്ത്രണങ്ങൾക്കെതിരെയും ബിജെപി എം പി മാരായ വി മുരളീധരൻ, നളിൻ കുമാർ കട്ടീൽ എന്നിവർ ഇന്ന് സന്നിധാനത്തെ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു.