കുവൈറ്റ് സിറ്റി : സയന്‍സ് ഇന്റര്‍നാഷണല്‍ ഫോറം കുവൈറ്റും യുണീമണി എക്സ്ചേഞ്ചും സംയുക്തമായി കുവൈറ്റ് ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സ് സംഘടിപ്പിക്കുന്നു.
അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ 23 വെള്ളിയാഴ്ച നടക്കുന്ന പരിപാടിയില്‍ വിവിധ ഗവേഷണ പ്രോജക്ടുകളുടെ അടിസ്ഥാനത്തില്‍ പതിനഞ്ചോളം ഇന്ത്യന്‍ സ്കൂളുകളാണ് ദ്വിതലമത്സരത്തില് പങ്കെടുക്കുന്നത്.
രാവിലെ 9 മുതല്‍ പ്രോജക്ടുകള്‍ വിവിധ സ്റ്റാളുകളിലായി അവതരിപ്പിക്കും. കുട്ടികള്‍ക്കായി മാസ്റ്റര്‍ മൈന്‍ഡ്, മാത്ത് ജീനിയസ്, പെന്‍സില്‍ ഡ്രോയിങ് എന്നിങ്ങനെ ചെറുമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പ്രദര്‍ശനം കാണാന്‍ എത്തുന്ന കുട്ടികളില്‍ ആര്‍ക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെ ഈ ചെറുമത്സരങ്ങളില് പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. വിജയികള്‍ക്ക് ഡിസംബര്‍ മാസത്തില്‍ ഇന്ത്യയില്‍ നടക്കുന്ന നാഷണല്‍ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ്സില്‍, ഇന്ത്യക്കു പുറത്ത് നിന്നുള്ള വിഭാഗത്തില്‍, കുവൈറ്റിനെ പ്രതിനിധികരിച്ച് പങ്കെടുക്കാന്‍ കഴിയും.
ബി. മുത്തുകുമരന്‍ ഭൂമി ഷാ എന്നിവരുടെ നേതൃത്വത്തില്‍ പ്രഭാഷണങ്ങളും സയന്‍സ് കോണ്‍ഗ്രസ്സിനോടനുബന്ധിച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.