കുവൈറ്റ് സിറ്റി : സ്വദേശിവത്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടുന്ന പ്രവാസികള്‍ മറ്റ് ജോലികളില്‍ കുവൈറ്റില്‍ തുടരുന്നത് തടയണമെന്ന് ശുപാര്‍ശ. പിരിച്ചുവിട്ട പ്രവാസികളുടെ വിസ മാറ്റം അനുവദിക്കരുതെന്ന് ആഭ്യന്തരമന്ത്രാലയം ജനസംഖ്യാ പുനഃക്രമീകരണത്തിനായുള്ള സമിതിക്ക് മുന്‍പാകെയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്.
പ്രവാസികളെ ഒഴിവാക്കുന്നത് ജനസംഖ്യാ അസുന്തലനം നീക്കാനുള്ള ക്രമീകരണങ്ങളുടെ ഭാഗമാണെന്നും അതിനാല്‍ പിരിച്ചുവിടുന്നവര്‍ വീണ്ടും രാജ്യത്ത് തുടരുന്നത് ഉദ്ദേശ ലക്ഷ്യങ്ങളെ തകിടംമറിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.
ഓരോ മേഖലകളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് കാലാവധി നിശ്ചയിക്കണമെന്നും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ തിരിച്ചു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ശുപാര്‍ശയുണ്ട്.
പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുള്ള ശുചീകരണ തൊഴിലാളികള്‍, സെക്യൂരിറ്റി ഗാര്‍ഡുമാര്‍ എന്നിവരെമാത്രം റിക്രൂട്ട്ചെയ്യണം. ആവശ്യമെങ്കില്‍ തൊഴില്‍ പരിശീലന സംവിധാനം ഏര്‍പ്പെടുത്തണമെന്നും മന്ത്രാലയം സമിതിക്ക് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.