ന്യൂഡല്‍ഹി: യുവാക്കളുടെ സ്വപ്നമാണ് ഭാരതത്തിന്റെ ഭാവിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കി ബാത്തിന്റെ 50ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ യുവാക്കള്‍ വളരെയധികം തീവ്രമോഹമുള്ളവരാണ്. അവരുടെ സ്വപ്നങ്ങള്‍ വളരെ വലുതാണ്. വലുതായി സ്വപ്നങ്ങള്‍ കണ്ടാല്‍ മികച്ച വിജയം സ്വന്തമാക്കാം, അതാണ് പുതിയ ഇന്ത്യ. പലരും പരാതിയായി പറയുന്നത് കേട്ടിട്ടുണ്ട്, ഇന്നത്തെ യുവാക്കള്‍ ഒരു കാര്യത്തില്‍ മാത്രം ശ്രദ്ധയൂന്നാതെ, ഒരേ സമയം ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നവരാണെന്ന്. എന്നാല്‍ അതിലൊരു തെറ്റുമില്ല. ഒരേ സമയം ഒത്തിരി കാര്യങ്ങള്‍ ചെയ്യുന്നു എന്നത് ഒരു കഴിവാണ്.
സിഖ് മത വിശ്വാസികള്‍ക്ക് വേണ്ടി ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കര്‍ത്താര്‍പൂര്‍ ഇടനാഴി തുറക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഇതിലൂടെ നമ്മുടെ രാജ്യത്തുള്ളവര്‍ക്ക് പാകിസ്ഥാനിലെ കര്ത്താര്പൂരിലെത്താനും അവിടെയുള്ള ഗുരു നാനാക്ക് ദേവിന്റെ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കാന്‍ സാധിക്കുമെന്നും പറഞ്ഞു.
അതേപോലെ മന് കി ബാത്ത് 50 എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സന്തോഷവും അദ്ദേഹം ശ്രോതാക്കളുമായി പങ്ക് വച്ചു. മന് കി ബാത്ത് തുടങ്ങിയപ്പോള്‍ ഉറപ്പിച്ചിരുന്നു, ഇതില്‍ ഒരിക്കലും രാഷ്ട്രീയം കലര്‍ത്തില്ലെന്ന്. കേന്ദ്രസര്‍ക്കാരിനെ പുകഴ്ത്താനോ, എന്റെ പേര് ഉയര്‍ത്താനോ ഈ പരിപാടിയിലൂടെ ഞാന്‍ ശ്രമിച്ചിട്ടില്ല. നിങ്ങള്‍ ജനങ്ങളില്‍ നിന്നാണ് ഈ പരിപാടി മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തിയും പ്രചോദനവും ലഭിച്ചത്.
മന് കി ബാത്ത് കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരുന്ന എല്ലാ മാദ്ധ്യമങ്ങള്‍ക്കും നന്ദി പറയുകയാണ്. രാഷ്ട്രീയക്കാര്‍ സാധാരണ രീതിയില്‍ മാദ്ധ്യമങ്ങളുമായി അത്ര ചേര്ച്ചയിലായിരിക്കില്ല. മാദ്ധ്യമങ്ങള്‍ തങ്ങള്‍ അര്‍ഹിക്കുന്ന വാര്‍ത്തകള്‍ നല്കിയില്ലെന്നതോ, എതിര്‍ക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാത്രമേ നല്കു എന്നതൊക്കെയാകാം ഇഷ്ടക്കേടിന് കാരണം. എങ്കിലും മന് കി ബാത്തില്‍ ഞാന്‍ ഉയര്‍ത്തിക്കൊണ്ടു വന്ന പ്രശ്നങ്ങള്‍ മാദ്ധ്യമങ്ങള്‍ അവരുടേതായ രീതിയില്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.