ലക്നൗ : അയോദ്ധ്യയിലെ സരയൂ തീരത്ത് 221 മീറ്റർ ഉയരത്തിൽ ശ്രീരാമപ്രതിമ നിർമ്മിക്കാൻ യോഗി സർക്കാർ. വെങ്കലത്തിൽ നിർമ്മിക്കുന്ന പ്രതിമയ്ക്ക് 151 മീറ്റർ ഉയരമാകും ഉണ്ടാകുക.പ്രതിമ ഉറപ്പിച്ചു നിർത്തുന്ന പീഠത്തിന് 50 മീറ്റർ ഉയരവും,പ്രതിമയുടെ തലയ്ക്ക് മുകളിലെ ഛത്രത്തിന് 20 മീറ്റർ ഉയരവും ഉണ്ടാകും.
കഴിഞ്ഞ ദിവസം രാത്രി ചേർന്ന യോഗത്തിൽ മുഖ്യമന്ത്രി യോഗിയ്ക്ക് മുൻപാകെ പ്രതിമയുടെ അഞ്ച് മാതൃകകളാണ് സമർപ്പിച്ചതെന്ന് യു പി പ്രിൻസിപ്പൽ സെക്രട്ടറി അവിനാശ് ആവസ്തി പറഞ്ഞു.പ്രതിമയുടെ മാതൃക ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.
പ്രതിമ ഉറപ്പിച്ചു നിർത്തുന്ന പീഠം മ്യൂസിയമായിട്ടാകും നിർമ്മിക്കുക.ശ്രീരാമദേവനുമായി ബന്ധപ്പെട്ട ചരിത്രവും,അയോദ്ധ്യയുടെ സംസ്ക്കാരവുമൊക്കെ മ്യൂസിയത്തിലെ വിഷയങ്ങളാകും.
പ്രതിമയുടെ നിർമ്മാണത്തിനുള്ള കരാറിനായി അഞ്ച് കമ്പനികളെയാണ് നിലവിൽ തെരഞ്ഞെടുത്തിരിക്കുന്നതെന്നും,ഇവരിൽ മികച്ച കമ്പനി സർക്കാർ തീരുമാനിക്കുമെന്നും അവിനാശ് അറിയിച്ചു.