തിരുവനന്തപുരം: പി.കെ.ശശി എംഎല്‍എ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി അന്വേഷണക്കമ്മീഷന്. ഫോണിലൂടെ മോശമായി പെരുമാറുക മാത്രമാണുണ്ടായത്. ലൈംഗികച്ചുവയോടെ ശശി പെണ്‍കുട്ടിയോട് സംസാരിക്കുകയായിരുന്നു. ഈ ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ കമ്മീഷന് മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതി എംഎല്‍എയുമാണ് കമ്മീഷനിലെ അംഗങ്ങള്‍. അതേസമയം വിഭാഗീയതയാണ് ശശിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന എ.കെ.ബാലന്റെ വാദം പി.കെ.ശ്രീമതി തള്ളി.
ഡിവൈഎഫ്ഐ അംഗം കൂടിയായ വനിത നേതാവാണ് ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. തുടര്‍ന്നാണ് മന്ത്രി എ.കെ.ബാലന്, പി.കെ.ശ്രീമതി എന്നിവരുള്‍പ്പെടെ കമ്മീഷനെ പാര്‍ട്ടി അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. പരാതിയിന്മേല് ശശിയുടെ വിശദീകരണവും പാര്‍ട്ടി തേടിയിരുന്നു. ശശി നല്കിയ വിശദീകരണം ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും നടപടി.