യു.എ.ഇയുടെ പുതിയ വിസാ നിയമം രാജ്യത്തെ നിക്ഷേപകര്‍ക്കും പ്രഫഷണലുകള്‍ക്കും മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഗുണം ചെയ്യും. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള വിസയാണ് ഇവര്‍ക്ക് ലഭിക്കുക. ഇതിലൂടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം ഉയരുകയും ബിസിനസ്സ്, പ്രഫഷണല്‍ രംഗങ്ങള്‍ കരുത്താര്‍ജ്ജിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
പൊതുകാര്യങ്ങള്‍ക്കുള്ള നിക്ഷേപങ്ങളില്‍ സംഭാവന ചെയ്യുന്നവര്‍, പ്രമുഖ സ്ഥാപനത്തില്‍ പത്ത് മില്യന്‍ ദിര്‍ഹമോ അതില്‍ കൂടുതലോ ഉള്ള പങ്കാളിത്തം, അല്ലെങ്കില്‍ പത്ത് മില്യന്‍ ദിര്‍ഹത്തില്‍ കുറയാതെയുള്ള നിക്ഷേപം തുടങ്ങിയവര്‍ക്ക് പത്ത് വര്‍ഷത്തെ പുതുക്കാവുന്ന വിസ അനുവദിക്കും. നിക്ഷേപത്തുക വായ്പയെടുത്താവരുതെന്നും കുറഞ്ഞത് മൂന്നു വര്‍ഷത്തെ നിക്ഷേപം കഴിഞ്ഞിരിക്കണം എന്നീ നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം.
ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍, കലാ സാംസ്കാരിക മേഖലകളില്‍ ക്രിയാത്മകമായ സംഭാവന നല്കുന്നവര് എന്നിവര്‍ക്കും പത്ത് വര്‍ഷത്തെ വിസ അനുവദിക്കും. ഇക്കൂട്ടര്‍ക്ക് യു.എ.ഇ തൊഴില്‍ കരാര്‍ കിട്ടിയിരിക്കണം.
അഞ്ച് ദശലക്ഷത്തില്‍ കുറയാതെയുള്ള നിക്ഷേപമുള്ളവരോ, അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ പദ്ധതി പൂര്ത്തിയാക്കിയിട്ടുള്ളതോ ആയ സംരംഭകര്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കും.
95 ശതമാനം മാര്‍ക്കോടെ സെക്കന്‍ഡറി പരീക്ഷ പാസായവര്‍, ഉന്നത ഡിസ്റ്റിങ്ങ്ഷനോടെ ബിരുദം നേടിയവര്‍ എന്നിവരേയും അഞ്ച് വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് പരിഗണിക്കും.
രാജ്യത്തിനകത്തും പുറത്തുനിന്നും ഈ നേട്ടം കൈവരിച്ചവരെ പരിഗണിക്കുമെന്ന് മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങള്‍ക്കും ഇതിന്റെ പരിഗണന ലഭിക്കുമെന്നതാണ് പ്രത്യേകത.