ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഹൈസിസുമായി (ഹൈപ്പര്‍സ്പെക്ട്രല്‍ ഇമേജിംഗ് സാറ്റലൈറ്റ്) പി.എസ്.എല്‍.വി സി-43ന്റെ വിക്ഷേപണം വ്യാഴാഴ്ച നടക്കും. ഹൈസിസിനൊപ്പം 30 വിദേശ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി സി-43യില്‍ വിക്ഷേപിക്കുന്നുണ്ട്. ഐ.എസ്.ആര്.ഒ വികസിപ്പിച്ച ഈ സാറ്റലൈറ്റിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിലാണ് നടക്കുന്നത്. ഇതിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഐഎസ്ആര്‍ഒ ചെയര്മാന് കെ.ശിവന് വ്യക്തമാക്കി. ഹൈസിസിനെ 636 കിലോമീറ്റര്‍ അകലെ പോളാര്‍ സണ്‍ സിങ്ക്രണൈസ് ഓര്‍ബിറ്റില്‍ എത്തിക്കുകയാണ് പി.എസ്.എല്‍.വി സി-43ന്റെ ദൗത്യം.
ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് പഠന വിധേയമാക്കുകയാണ് ഹൈസിസിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലസംവിധാനം, തുടങ്ങിയവക്കും സൈനികാവശ്യങ്ങള്‍ക്കുമായിരിക്കും ഹൈസിസിലെ വിവരങ്ങള്‍ ഉപയോഗിക്കുക. അഞ്ച് വര്‍ഷമാണ് ഈ ഉപഗ്രഹത്തിന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്.
ഹൈസിസിനൊപ്പം വിക്ഷേപിക്കുന്ന 30 വാണിജ്യ ഉപഗ്രഹങ്ങളില്‍ ഒരെണ്ണം മൈക്രോ ഉപഗ്രഹവും ബാക്കിയുള്ളവ നാനോ ഉപഗ്രഹവുമാണ്. അമേരിക്ക, നെതര്‍ലന്‍ഡ്സ്, കാനഡ, സ്വിറ്റ്സര്‍ലന്റ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്പെയിന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണ് ഉപഗ്രഹങ്ങള്‍. ഇതില്‍ 23 എണ്ണം അമേരിക്കയുടേതാണ്.