ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക, ജപ്പാന് ഭരണാധികാരികളുമായി ചര്‍ച്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ എന്നിവരുമായാണ് പ്രധാനമന്ത്രി ചര്‍ച്ച നടത്തുക. നവംബര്‍ 30, ഡിസംബര്‍ 1 തിയതികളിലായി അര്‍ജന്റീനയിലെ ബ്യൂണിസ് ഐറിസിലാണ് ജി20 ഉച്ചകോടി. 20 രാജ്യങ്ങളുടെ തലവന്മാരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക.
ജി20 കൂട്ടായ്മയ്ക്ക് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോകത്തിന്റെ സുസ്ഥിരമായ വികസനത്തിന് വേണ്ടി ഏറെ സംഭാവനകള്‍ നല്കാന് കഴിഞ്ഞതായി ഉച്ചകോടിക്ക് മുന്നോടിയായുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ പോലൊരു രാജ്യത്തിന് കൂട്ടായ്മയുടെ നിലപാടുകള്‍ പ്രധാനപ്പെട്ടതാണ്. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഉച്ചകോടിയില്‍ സാമ്പത്തിക വ്യവസ്ഥ, സുസ്ഥിര വികസനം, വ്യാപാര നികുതി വ്യവസ്ഥ എന്നിവയെല്ലാം ചര്‍ച്ചയാക്കുമെന്നും അദ്ദേഹം പറഞ്ഞു.