പാട്ന: മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളുമായി ബിഹാറില്‍ ഒരാള്‍ അറസ്റ്റില്‍. ബാലിയ-സീല്‍ദ എക്സ്പ്രസ് ട്രെയിനില്‍ നിന്നും സഞ്ജയ് പ്രസാദ് എന്നയാളാണ് പിടിയിലായത്. അമ്പതോളം അസ്ഥികൂടങ്ങളും തലയോട്ടികളുമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
സരണ്‍ ജില്ലയിലെ ചപ്ര റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. അസ്ഥികൂടം ഭൂട്ടാന് വഴി ചൈനയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇയാളില്‍ നിന്ന് നിരവധി നേപ്പാള്‍, ഭൂട്ടാന് കറന്‍സികളും എടിഎം,സിം കാര്‍ഡുകളും കണ്ടെടുത്തു. രണ്ട് വ്യത്യസ്ത തിരിച്ചറിയല്‍ കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ചൈനയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഇവ കടത്തിയതെന്നും സൂചന ലഭിച്ചിട്ടുണ്ട്.