Kuwait

കാനാ കുവൈറ്റിന്റെ പുതിയ നാടകം ‘മഴ’ അരങ്ങിലെത്തുന്നു

കുവൈറ്റ് സിറ്റി : കേരള ആര്‍ട്ട്‌സ് ആന്റ് നാടക അക്കാദമി അവതരിപ്പിക്കുന്ന പുതിയ മെഗാ നാടകം ‘മഴ’ ഈമാസം 29, 30 തിയതികളില്‍ കുവൈറ്റിലെ അരങ്ങിലെത്തുന്നു. ഹവല്ലിയിലെ ബോയ് സ്‌കൗട്ട് അസ്സോസിയേഷന്‍ ഹാളില്‍ വ്യാഴാഴ്ച 6.30 നും, വെള്ളിയാഴ്ച 3.30 നും 6.30 നും നാടകത്തിന്റെ മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. വില്ല്യം ഷേക്‌സ്പിയറുടെ ‘ഒഥല്ലോ’യുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായ ‘മഴ’യുടെ രചന ഹേമന്ത് കുമാറും, സംവിധാനം കലാശ്രീ ബാബു ചാക്കോളയുമാണ് നിര്‍വ്വഹിക്കുന്നത്.
മൂലകഥയെ മാത്രം നിലനിര്‍ത്തി, പുതിയ കഥാ സന്ദര്‍ഭങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും, സംഭാഷണങ്ങളിലൂടെയും പുതിയൊരു കഥാപരിസരത്താണ് ‘മഴ’ സംഭവിക്കുന്നതെങ്കിലും ഈ നാടകത്തിന്റെ ആത്മാവും സൗന്ദര്യവും വിശ്വനാടകകാരന്‍ ലോകത്തിനു സമ്മാനിച്ച ‘ഒഥല്ലൊ’ എന്ന വിസ്മയം തന്നെയാണെന്ന് കാനാകുവൈറ്റ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നാടകകൃത്ത് ഹേമന്ത് കുമാര്‍ അഭിപ്രായപ്പെട്ടു.
വസ്ത്രാലങ്കാരവും ചമയവും വക്കം മാഹീനും, ദീപവിതാനം ചിറക്കല്‍ രാജുവും നിര്‍വഹിക്കുന്ന മഴയുടെ രംഗപടമൊരുക്കുന്നത് ആര്‍ട്ടിസ്റ്റ് വിജയന്‍ കടമ്പേരിയാണ്. അരങ്ങിലും അണിയറയിലുമായി ഒട്ടനവധി കലാകാരന്മാര്‍ അണിനിരക്കുന്ന ‘മഴ’ കുവൈറ്റിലെ പ്രവാസ നാടകരംഗത്ത് പുതിയൊരു അധ്യായം സൃഷ്ടിക്കുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളത് എന്ന് സംവിധായകന്‍ ബാബു ചാക്കോള പറഞ്ഞു.
നാടകത്തിനുള്ള പ്രവേശനം സൗജന്യമാണ്, പക്ഷെ, പ്രവേശന ടിക്കറ്റുകള്‍ മുന്‍കൂര്‍ കൈപ്പറ്റേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. കാന കുവൈറ്റ് പ്രസിഡണ്ട് കുമാര്‍ തൃത്താല, ജനറല്‍ സെക്രട്ടറി ജിജു കാലായില്‍, പ്രോഗ്രാം കണ്‍വീനര്‍ സജീവ് കെ. പീറ്റര്‍, മഞ്ജു മാത്യു എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

9 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close