കശ്മീര്‍: മാദ്ധ്യമപ്രവര്‍ത്തകനായ സുജാത് ബുഖാരിയെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്കര്‍ ഇ ത്വയ്ബ കമാന്റര്‍ നവീദ് ജട്ടിനെ(21)യാണ് കശ്മീരിലെ ബുദ്ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷസേന വധിച്ചത്. ബുദ്ഗാമിലെ ചാറ്റര്ഗാമില് ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നവീദ് ജട്ട് ഉള്‍പ്പെടെ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെടിവപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുഖാരി വധക്കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെടുന്ന രണ്ടാമത്തെ ഭീകരനാണ് ജട്ട്. കഴിഞ്ഞ ആഴ്ച അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ ത്വയ്ബ കമാന്റര്‍ ആസാദ് അഹ്മദ് മാലിക്കിനെ സൈന്യം വധിച്ചിരുന്നു. ഇയാളും സുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്നു.
റൈസിംഗ് കശ്മീര്‍ എന്ന മാദ്ധ്യമത്തിന്റെ എഡിറ്റര്‍-ഇന്‍-ചീഫ് ആയിരുന്ന സുജാത് ബുഖാരിയെ ബൈക്കിലെത്തിയ മൂന്നംഗ ഭീകര സംഘം കഴിഞ്ഞ ജൂണിലാണ് വെടിവച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ഏതാനും മാസം മുന്‍പ് പൊലീസ് കസ്ററഡിയിലായിരുന്ന ജട്ട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ശ്രീനഗര്‍ ആശുപത്രിയില്‍ വച്ച് രക്ഷപെട്ടിരുന്നു. ഇതിന് ശേഷം ജൂണ്‍ 14നാണ് നവീദ് ജട്ട് ഉള്‍പ്പെട്ട സംഘം ബുഖാരിയെ കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടലിനെ തുടര്‍ന്ന് ബുദ്ഗാമില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്.