ഹൈദരാബാദ്: ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികള്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ഇത്തരക്കാരായ 25 പേരുടെ പാസ്പോര്‍ട്ട് ഇതിനോടകം റദ്ദാക്കിയെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.
ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാന്‍ നടപടി വേണമെന്ന ആവശ്യവുമായി ഇത്തരം ക്രൂരതക്ക് ഇരയാക്കപ്പെട്ട ഏതാനും സ്ത്രീകള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നിയമപരവും സാമ്പത്തികവുമായ സഹായം നല്കാന് നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിന്മേല് മറുപടി ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, കെ.എം.ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ 13ന് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.