World

ഫ്രാന്‍സ് കത്തുന്നു; അടിയന്തരാവസ്ഥ ആലോചിച്ച് ഫ്രഞ്ച് സര്‍ക്കാര്‍

പാരീസ്: ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായി തുടരുന്ന പ്രതിഷേധം കഴിഞ്ഞ ദിവസങ്ങളിലാണ് അക്രമാസക്തമായത്. അതേസമയം നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവക്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മധ്യ പാരീസിലാണ് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. മഞ്ഞ ഉടുപ്പ് ധരിച്ച് തെരുവിലിറങ്ങിയ യുവാക്കള്‍ അക്രമം അഴിച്ച് വിടുകയായിരുന്നു. വാഹനങ്ങള്‍ക്കും നിരവധി കെട്ടിടങ്ങള്‍ക്കുമെല്ലാം തീവച്ചു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജീവിതച്ചെലവും ഇന്ധനവിലവര്‍ധനവും മൂലം നവംബര്‍ 17 മുതലാണ് വിവിധ ഇടങ്ങളില്‍ പ്രതിഷേധം ആരംഭിച്ചത്. ആദ്യം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയ പ്രതിഷേധം പിന്നീട് തെരുവിലേക്ക് പടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സമാധാനപരമായി നടന്ന് വന്നിരുന്ന സമരത്തിന്റെ സ്വഭാവം മാറിയത്.

സംഭവത്തെ തുടര്‍ന്ന് നിരവധി പേരെ കഴിഞ്ഞ ദിവസം പാരീസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഓരോ ദിവസവും കൂടുതല്‍ ആളുകള്‍ ഇതിലേക്ക് പങ്കാളികളാവുകയായിരുന്നു.

927 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Close