സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് അബുദാബി കോർണിഷിൽ ദേശീയദിനമാഘോഷിക്കാനെത്തിയത്. യു.എ.ഇ ദേശീയപതാകയുടെ നിറത്തിലുള്ള പരമ്പരാഗത വേഷമണിഞ്ഞെത്തിയ കുട്ടികളും സ്ത്രീകളും ആഘോഷകാഴ്ച്ചകളായി.ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന 30 മിനിട്ട് ദൈർഘ്യമുള്ള വ്യോമ അഭ്യാസ പ്രകടനം കാഴ്ച്ചക്കാർക്ക് ആവേശം സമ്മാനിച്ചു. പല നിറത്തിൽ യു.എ.ഇക്ക് അഭിവാദ്യങ്ങളർപ്പിച്ചുകൊണ്ടുള്ള സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങളുടെ പരേഡും, സ്നോ സ്പ്രേകളുമായെത്തിയ കുട്ടികളുമെല്ലാം കോർണിഷ് റോഡിലെ രാത്രിയെ പകലാക്കി.പരസ്പരം സ്നോ സ്പ്രേകൾ അടിച്ച് ഓടിച്ചാടി നടക്കുന്നവരിൽ കുട്ടികളോടൊപ്പം മുതിർന്നവരും പങ്കാളികളായി. വാഹനങ്ങൾക്ക് മുകളിൽ ഇരുന്നും റോഡിലിറങ്ങി നൃത്തം ചെയ്തുമെല്ലാമാണ് ജനങ്ങൾ യു.എ.ഇയുടെ നാല്പത്തിയേഴാമത് ദേശീയദിനാഘോഷം അവിസ്മരണീയമാക്കിയത്.അബുദാബി കോർണിഷിലും അൽ മരിയ ദ്വീപിലും നടന്ന വർണ്ണാഭമായ കരിമരുന്ന് പ്രയോഗവും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.