തിരുവനന്തപുരം: ബന്ധുനിയമന വിവാദം ഉയര്‍ത്തി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മന്ത്രി.കെ.ടി.ജലീല്‍ ബന്ധു നിയമനം നടത്തിയതായി കാണിച്ച് വിഷയം കെ.മുരളീധരന് അടിയന്തര പ്രമേയത്തിലൂടെ സഭയിലെത്തിച്ചെങ്കിലും സ്പീക്കര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതോടെ വൗക്കൗട്ട് നടത്തുകയാണെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് പുറത്ത് പോയെങ്കിലും ലീഗ് എംഎല്‍എമാരും ചില കോണ്‍ഗ്രസ് എംഎല്‍എമാരും നടുത്തളത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചു. പിന്നീട് പ്രതിപക്ഷ നേതാവ് സഭയിലേക്ക് തിരിച്ചെത്തുകയും തങ്ങള്‍ സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് വീണ്ടും എല്ലാവരേയും കൂട്ടി ഇറങ്ങുകയുമായിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല സഭാ ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സഭ നടപടികളുമായി സഹകരിക്കാമെന്ന് നിങ്ങള്‍ പറഞ്ഞതല്ലേയെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ചോദിച്ചു. കെ.ടി.ജലീലിന്റെ രാജി ആവശ്യവുമായാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്. ജലീലിനെ നിയമസഭയിലും പൊതുപരിപാടികളിലും ബഹിഷ്കരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.