കോട്ടയം: ശബരിമലയിലെ ഹൈക്കോടതി ഇടപെടലും നിരീക്ഷണവും ഒഴിവാക്കാന്‍ സുപ്രിംകോടതിയെ സമീപിക്കുന്നതിലൂടെ സര്‍ക്കാര്‍ ഭക്തരെ വീണ്ടും വെല്ലുവിളിക്കുകയാണെന്ന് ശബരിമല കര്‍മ്മസമിതി വര്‍ക്കിംഗ് ചെയര്‍പേഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍. ഹൈക്കോടതി ഇടപെടലിലൂടെ ശബരിമലദര്‍ശനം സാധാരണഗതിയിലേക്ക് തിരിച്ച് വരുകയാണ്. ഇത് തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എങ്ങനെയും യുവതീപ്രവേശനം നടത്താനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ ഈ നിലപാടെന്നും വാര്‍ത്താ കുറുപ്പില്‍ ശശികല ടീച്ചര്‍ പറഞ്ഞു.
ഹൈക്കോടതിയിലുള്ള 23 ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയ്ക്കായി നിയോഗിച്ചിരിക്കുന്ന മൂന്നംഗ നിരീക്ഷണസമിതിയെ മാറ്റാനുള്ള ഹര്‍ജിയും സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ഭക്തര്‍ക്ക് അനുകൂലമായി നിരവധി വിധികള്‍ ഹൈക്കോടതി മുമ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മണ്ഡലക്കാലത്തും ഭക്തര്‍ക്ക് ആശ്വാസമാകുന്ന നിരീക്ഷണങ്ങളും വിധികളും ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
പോലീസിന്റെയും സര്‍ക്കാരിന്റെയും അയ്യപ്പവേട്ടക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. സുഗമമായ ശബരിമല ദര്‍ശനത്തിന് വഴിയൊരുക്കാന്‍ പരിശ്രമിച്ച ഹൈക്കോടതിയെ ഭക്തര്‍ അഭിനന്ദിക്കുന്നു. ഇതിനെ അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് ശബരിമലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ സുപ്രീംകോടതിക്ക് അവിടെയെത്തുന്ന രേഖകളാണ് ആധാരം. രേഖകളുടെ അടിസ്ഥാനത്തിലാവും അന്തിമതീരുമാനവും.
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ ഹിന്ദുസമൂഹത്തെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നവോത്ഥാന നായകര്‍ ഇല്ലാതാക്കിയ ജാതി ചിന്തയെ വളര്‍ത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത്. അവര്‍ണ്ണ-സവര്‍ണ്ണ വ്യവസ്ഥകളെ വീണ്ടും സമൂഹത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് ആപത്താണ്. അവര്‍ണ്ണ-സവര്‍ണ്ണ ചിന്ത ഇല്ലാതാക്കി ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാനാണ് വനിതാമതിലെങ്കില്, ശരണമന്ത്രം മുഴക്കിയാണ് ഈ മതില് നിര്‍മ്മിക്കുന്നതെങ്കില്‍ ഇവിടെയുള്ള ബഹുഭൂരിപക്ഷം സ്ത്രീകളും ഇതിനോടൊപ്പം അണിനിരക്കും. അല്ലെങ്കില്‍ വിശ്വസിസമൂഹത്തിന്റെ മറ്റൊരു മതില് ഇവിടെ ഉയരുമെന്ന് ശശികലടീച്ചര്‍ വ്യക്തമാക്കി.