യു എ ഇ യുടെ നാൽപ്പത്തിയേഴാം ദേശീയ ദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അബുദാബി നഗരത്തിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി.കോർണിഷ് ഹിൽട്ടൻ ഹോട്ടൽ പരിസരത്ത് നിന്ന് ആരംഭിച്ച കൂറ്റൻ ഘോഷയാത്രയ്ക്ക് ശുഭ്രവസ്ത്രം ധരിച്ച് യുഎഇയുടെ പതാകയുമേന്തി ആരംഭിച്ച വാക്കത്തോൺ ഘോഷയാത്രയിൽ രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. ഇസ്ലാമിക് സെന്ററർ, അബുദാബി സംസ്ഥാന കെ എം സി സി, സുന്നി സെന്റർ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച വാക്കത്തോണിൽ ദഫ് മുട്ട്, ചെണ്ടമേളം, കോൽക്കളി എന്നിവയും 47 ആളുകൾ യു എ ഇയുടെ പരമ്പരാഗത വേഷത്തോട് കൂടി അണി നിരന്ന പരേഡും ആകർഷകമായി.പരിപാടി വീക്ഷിക്കുവാൻ റോഡിനിരുവശവും എത്തിയ വിവിധ രാജ്യക്കാരായ ആളുകൾ ആശംസകൾ നേർന്നു. അബുദാബി ടൂറിസം വകുപ്പിന്റെയും, പോലീസിന്റെയും സഹകരണത്തോടെ ഇത് രണ്ടാം തവണയാണ് ഇസ്ലാമിക് സെന്റർ വാക്കത്തോൺ നടത്തുന്നത്.സെന്റർ പ്രസിഡണ്ട് പി ബാവ ഹാജി, ആക്ടിംഗ് ജന.സെക്രട്ടറി ടി.കെ അബ്ദുൾ സലാം, ഭാരവാഹികളായ ഡോ.അബ്ദുൾ റഹിമാൻ ഒളവട്ടൂർ,എം ഹിദായത്തുള്ള, എം എം നാസർ കാഞ്ഞങ്ങാട്, കെ എം സി സി നേതാക്കളായ യു അബ്ദുല്ല ഫാറൂഖി, അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, ഹമീദ് കടപ്പുറം, ഷുക്കൂറലി കല്ലുങ്ങൽ, സമീർ തൃക്കരിപ്പൂർ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് മൂന്നര മണിക്ക് ആരംഭിച്ച റാലി അഞ്ചര മണിയോടെയാണ് അവസാനിച്ചത്. യുഎഇയോട് പ്രവാസി ഇന്ത്യക്കാർ വിശിഷ്യാ മലയാളികൾ കാണിക്കുന്ന സ്നേഹപ്രകടനമായി റാലി മാറി. ഇമാറാത്തിനോടും രാജ്യത്തെ ഭരണാധികാരികളോടുമുള്ള നന്ദി പറഞ്ഞ മുദ്രവാക്യങ്ങളാണ് റാലിയിലെങ്ങും മുഴങ്ങി നിന്നത്..
—