ബ്രസീല്‍: വൈദ്യശാസ്ത്രത്തില്‍ വന്ധ്യതാ ചികിത്സയില്‍ ചരിത്ര മുന്നേറ്റം. മരിച്ച സ്ത്രീയില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ ലോകത്ത് ആദ്യമായി പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു.
ജീവിച്ചിരിക്കുന്ന ദാതാവില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍ നിന്നും സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് ജനിക്കുന്നത് ലോകത്ത് ഇതാദ്യമായാണ്.
ബ്രസീലിലെ മുപ്പത്തരണ്ടുകാരിയായ യുവതിക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. പൂര്‍ണ്ണ ആരോഗ്യമുള്ള രണ്ടര കിലോ ഭാരമുള്ള പെണ്‍കുഞ്ഞാണ് ചരിത്രത്തിന്റെ ഭാഗമായത്.
വന്ധ്യതമൂലം വിഷമിക്കുന്ന ലക്ഷക്കണക്കിന് ദമ്പതികള്‍ക്ക് പ്രതീക്ഷയേകുന്നതാണ് ഈ പുതിയ വാര്‍ത്ത.
2016 സെപ്തംബറിലാണ് ജന്മനാ ഗര്‍ഭപാത്രമില്ലാതെ ജനിച്ച യുവതിയില്‍ സ്ട്രോക്ക് വന്നു മരിച്ച 45 വയസ്സുള്ള സ്ത്രീയുടെ ഗര്‍ഭപാത്രം വച്ചു പിടിപ്പിച്ചത്. 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത് സാധ്യമായത്.
വൈദ്യശാസ്ത്രത്തിന് പ്രതീക്ഷയ്ക്ക് ചിറകുവെച്ച് ശസ്ത്രക്രിയയുടെ 37 ദിവസം യുവതിക്ക് ആദ്യ ആര്‍ത്തവം ഉണ്ടായി. തുടര്‍ന്ന് ഐവിഎഫിലൂടെ യുവതി ഗര്‍ഭിണിയാകുകയായിരുന്നു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഗര്‍ഭപാത്രം ദാനം ചെയ്യാന്‍ ദാതാക്കളുടെ വൈമുഖ്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റ് അവയവങ്ങളെ പോലെത്തന്നെ ഗര്‍ഭപാത്രവും മാറ്റിവെയക്കാമെന്നത് ഒരു കുഞ്ഞെന്ന സ്വപ്നം കയ്യെത്തും അകലെയുള്ള ദമ്പതികള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്.