ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് എതിരായ ജസ്റ്റിസ് കുര്യന് ജോസഫിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു അഭിഭാഷകന് നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ അന്വേഷണം വേണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം.
എന്നാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത നിശ്ചയിക്കുന്നത് അതിന്റെ ഭാഗമായവരാണ് ,അല്ലാതെ മാധ്യമ റിപ്പോര്‍ട്ടുകള്‍ അല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്കി. ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ദീപക് മിശ്ര റിമോട്ട് കണ്ട്രോളില് നിയന്ത്രിച്ചത് പോലെ തോന്നിയിരുന്നതായി ജസ്റ്റിസ് കുര്യന് ജോസഫ് പറഞ്ഞിരുന്നത്.