ന്യൂഡല്‍ഹി: രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കും. രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കാണ് മത്സരം.രാംഘട്ട് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.ഭരണത്തുടര്‍ച്ച നിലനിര്‍ത്താന്‍ ബിജെപിയും തിരിച്ചുവരവിനൊരുങ്ങി കോണ്‍ഗ്രസും കളം നിറഞ്ഞതോടെ തീപാറുന്ന പോരാട്ടത്തിനാണ് രാജസ്ഥാന് വേദിയായത്.
രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 വരെയാണ് പോളിംഗ്. തെലങ്കാനയിലെ 119 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും. ബിജെപിയും ടിആര്‍എസും കോണ്‍ഗ്രസിന്റെ മഹാസഖ്യവും തമ്മില്‍ ശക്തമായ ത്രികോണ മത്സരമാണ് തെലങ്കാനയില്‍ നടന്നത്. വോട്ടെടുപ്പ് പ്രമാണിച്ച് ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശ്,ഛത്തീസ്ഗഡ്,മിസോറാം ഉള്‍പ്പെടെയുള്ള 5 സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഈമാസം 11ന് നടക്കും.