India

ക്രിസ്റ്റ്യന്‍ മിഷേലിനെ ചോദ്യം ചെയ്യുന്നു: ചങ്കിടിപ്പോടെ കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റലന്‍ഡ് അഴിമതികേസില്‍ ഇടനിലക്കാരനെ സി.ബി.ഐ ചോദ്യം ചെയ്യുമ്പോള്‍ ചങ്കിടിപ്പ് വര്‍ധിച്ച് കോണ്‍ഗ്രസ് നേതൃത്വം. സിബിഐയെ പഴിചാരി പ്രതിരോധം ശക്തമാക്കാന്‍ നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ വ്യാജതെളിവുകള്‍ ചമയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. അതിനിടെ മിഷേലിന് നയതന്ത്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടന്‍ വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചു.

റാഫേല്‍ ഇടപാടില്‍ അഴിമതിയുണ്ടെന്ന് കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി അഗസ്റ്റ വെസ്റ്റലന്‍ഡ് അഴിമതിയുടെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് വിട്ടുകിട്ടിയത്.

ആരാണ് ക്രിസ്റ്റ്യന്‍ മിഷേല്‍? ബ്രിട്ടീഷ് പൗരനായ ക്രിസ്റ്റ്യന്‍ മിഷേല്‍ അച്ഛന്‍ വോള്‍ഫ്ഗാങ് മിഷേലിന്റെ പാത പിന്തുടര്‍ന്ന് ആയുധകച്ചവടത്തില്‍ സജീവമായി. 1970 മുതല്‍ വോള്‍ഫ് ഗാങ് മിഷേല്‍, അന്നത്തെ കോണ്‍ഗ്രസ് നേതൃത്വവുമായി സഹകരിച്ച് ഇന്ത്യയുമായി ആയുധകച്ചവടം നടത്തിയിരുന്നു.

ഇന്ത്യയിലെ രാഷ്ട്രീയനേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ വലയിലാക്കാന്‍ അഗസ്റ്റവെസ്റ്റലന്‍ഡ്് കമ്പനി ക്രിസ്റ്റ്യന്‍ മിഷേലിനെ നിയോഗിച്ചതിന് പിന്നിലും കാരണം മറ്റൊന്നല്ല. അഗസ്റ്റവെസ്റ്റലന്റിന്റെ മാതൃകമ്പനിയായ ഫിന്‍മെക്‌നികയില്‍ നിന്ന് 295 കോടി കൈപ്പറ്റിയായിരുന്നു മിഷേലിന്റെ ഇന്ത്യയിലേക്കുള്ള വരവ്. ആകെ 3600 കോടിയുടെ കരാറില്‍ ഒപ്പുവെയ്ക്കാന്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ സമ്മതിപ്പിക്കാന്‍ മിഷേലിന് കഴിഞ്ഞു.

നെഹ്‌റുകുടുംബവുമായുള്ള അടുപ്പം ഇതിന് കാരണമായെന്ന വിമര്‍ശനവും ശക്തമാണ്. 2012 ല്‍ മറ്റൊരു ഇടനിലക്കാരനായ ഗൈഡോ ഹാസ്ച്‌കേയുടെ ഡയറിക്കുറിപ്പുകള്‍ ലഭിച്ചതോടെയാണ് കരാറിന് പിന്നിലെ അഴിമതിയെക്കുറിച്ച് പുറംലോകമറിഞ്ഞത്. കരാര്‍ ലഭിക്കാനായി രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ നല്‍കിയ തുകയും ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കരാറിനായി ചട്ടങ്ങള്‍ മറികടക്കാന്‍ മുന്‍ വ്യോമസേനാമേധാവി എസ്.പി ത്യാഗി ശ്രമിച്ചെന്നും സി.ബി.ഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. ഇതിനായി അദ്ദേഹം മുന്നൂറ് കോടി കോഴകൈപ്പറ്റി.

എന്തായാലും അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിലെ ചോദ്യം ചെയ്യലില്‍ ക്രിസ്റ്റ്യന്‍മിഷേല്‍ നല്‍കുന്ന ഉത്തരങ്ങള്‍ നെഹ്‌റുകുടുംബത്തെയും നേതാക്കളെയും വെട്ടിലാക്കുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

2K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close