India

ഭാഗ്യനഗരം തുണയ്ക്കുന്നതാരെ ?

സംസ്ഥാന രൂപീകരണത്തിനായി വമ്പൻ സമരപരിപാടികൾ നടത്തുകയും അതിൽ വിജയം നേടിയെടുക്കുകയും, ഇപ്പോഴത് നിലനിർത്താൻ ശ്രമിക്കുന്ന പാർട്ടിയും (ടി.ആർ.എസ്), സമരകോലാഹലങ്ങൾക്കൊടുവിൽ സംസ്ഥാനം അനുവദിച്ച അന്നത്തെ കേന്ദ്ര സർക്കാറിലെ പ്രധാന പാർട്ടിയും (കോൺഗ്രസ്), താൻ വളർത്തി വലുതാക്കിയെന്നവകാശപ്പെടുന്ന നഗരം വിഭജനത്തെത്തുടർന്ന് തെലങ്കാനയുടെ തലസ്ഥാനമായി മാറിയതു കണ്ട്, അവസരവാദ രാഷ്ട്രീയം കളിച്ച് കളം മാറി, കോൺഗ്രസിനൊപ്പം സംസ്ഥാന ഭരണം പിടിച്ചെടുക്കാനായ് ശ്രമം നടത്തുന്ന നായിഡുവിന്റെ ടിഡിപിയും ചേർന്ന സഖ്യവുമാണ് പ്രധാന പോരാട്ടത്തിൽ. ഇവർക്കൊപ്പം  സിപിഐയുമുണ്ട്.

മൂന്നാം ശക്തിയായി ബിജെപിയും മുൻപെങ്ങുമില്ലാത്തവിധം ശക്തമായി രംഗത്തുണ്ട്. ബി.എസ്.പി യും തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നു

സംസ്ഥാനത്ത് 2.73 കോടി വോട്ടർമാരാണുള്ളത്

നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെയാക്കി ഭരണം നിലനിർത്താനുള്ള തന്ത്രമിറക്കിയ റാവുവിനെ മെരുക്കാൻ കോൺഗ്രസ്- സിപിഐ സഖ്യം ചെയ്തത് നായിഡുവുവിന്റെ ടിഡിപിയും, റാവുവിന്റെ മുൻ അനുയായി കോടന്താരത്തിന്റെ ടിജെഎസുമായി കൈകോർക്കലാണ്. പേപ്പറിൽ ശക്തർ ഇവരുടെ കൂട്ടുകെട്ടാണെന്ന് തോന്നുമെങ്കിലും, കെ.സി.ആറിനെ വിലകുറച്ചു കാണുന്നത് അപകടമേ ക്ഷണിച്ചു വരുത്തൂ

ഇതേ സമയം അതിശക്തമായ പ്രചരണത്തിലൂടെ ബിജെപിയും 35 മണ്ഡലങ്ങളിലെങ്കിലും തങ്ങളുടെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്

ടിആർഎസ് ന്റെ ശക്തി :-

1) കെ.സി.ആർ സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവിന്റെ സാന്നിദ്ധ്യം, പാവപ്പെട്ടവർക്ക്, പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ അദ്ദേഹത്തിനോടുള്ള വോട്ടർമാർക്കുള്ള സ്നേഹം. പ്രതിപക്ഷത്തിന് ഇത്തരമൊരു നേതാവില്ലെന്നതും നേട്ടം, അതുപോലെ ഒവൈസിയുമായുള്ള ‘അനൗദ്യോഗിക’ സഖ്യം, ആപത്ഘട്ടത്തിൽ പാർട്ടിക്ക് തുണയാകുമെന്നും (അവർ 4-5 സീറ്റുകൾ നേടുമെന്ന് കരുതുന്നു) മുസ്ലിം വോട്ടുകൾ വിഭജിപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുമെന്നുമുള്ള നിഗമനം

2) കോൺഗ്രസ്- ടിഡിപി സഖ്യം അധികാരത്തിൽ വന്നാൽ ഭരണസിരാകേന്ദ്രം തെലങ്കാനയായിരിക്കില്ല മറിച്ച് ആന്ധ്രയായിരിക്കുമെന്നും വോട്ട് ചെയ്യുമ്പോൾ അതോർക്കണമെന്നും പറഞ്ഞുള്ള ടിആർഎസിന്റെ പ്രചരണം പലയിടത്തും വോട്ടർമാരിലേക്കിറങ്ങിച്ചെന്നിട്ടുണ്ട്

3)പാവപ്പെട്ടവർക്കായി സർക്കാർ നൽകിയ നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികൾ(കേന്ദ്ര പദ്ധതികളടക്കം) ജനങ്ങളിലേക്ക് എത്തിക്കാനായതും ശക്തമായ സംഘടനാ സംവിധാനവും പാർട്ടിയുടെ നേട്ടങ്ങളാണ്

ദൗർബ്ബല്യം:-

1) മഹാസഖ്യത്തിനു രൂപം നൽകി രാഹുലും നായിഡുവും നടത്തിയ നീക്കം കണക്കുകളിൽ ടിആർഎസിനു മുകളിൽ നിൽക്കുന്ന ഒരു അവസ്ഥ മഹാസഖ്യത്തിനനുകൂലമായി സൃഷ്ടിക്കാനായത് ടിആർഎസിന്റെ ദൗർബ്ബല്യമായി കാണേണ്ടി വരും

2) നല്ലൊരു വിഭാഗം ടിആർഎസ് എം.എൽ.എ മാർക്കെതിരെയുള്ള ജനരോഷം, എം.പി – എം.എൽ.എമാർ അടക്കമുള്ള കുറേയേറെ നേതാക്കളുടെ മറുകണ്ടം ചാടൽ, ടിആർഎസ് സംസ്ഥാനത്തിനുവേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും ഫാം ഹൗസ് ഭരണമാണ് നടക്കുന്നതെന്നുമുള്ള മഹാസഖ്യത്തിന്റെയും ബിജെപിയുടെയും വ്യാപക പ്രചാരണം എന്നിവ പാർട്ടിക്ക് ക്ഷീണമായി

3) ബിജെപി നേടുന്ന ഹിന്ദു വോട്ടുകളിൽ നിർണ്ണായകപങ്കും ടിആർഎസിന്റേതാകുമെന്നുള്ള കണക്കുകളും അവരെ കുഴക്കുന്നുണ്ട്. അതുപോലെ റാവുവിന് മോദിയുമായുള്ള അടുപ്പം മുതലാക്കി ഇവർ ബിജെപിയുടെ ‘ബി’ ടീമാണെന്നുള്ള പ്രചാരണവും പാർട്ടിക്ക് നേരിടേണ്ടി വരുന്നുണ്ട്

മഹാസഖ്യത്തിന്റെ ശക്തി:-

1) ഈ സഖ്യത്തെ 4 പാർട്ടികൾ അടങ്ങുന്ന ഒരു മഹാസഖ്യമാക്കി മാറ്റാൻ കഴിഞ്ഞ രാഹുൽ- നായിഡു കൂട്ടുകെട്ടും ഇവർ ഒന്നിച്ചാലുള്ള വോട്ട് ഷെയറും

2) ഒരു വിഭാഗം ജനങ്ങൾക്കിടയിൽ ടിആർഎസ് സർക്കാറിനോടുള്ള രോഷവും, അവരുടെ പല സിറ്റിങ്ങ് എം.എൽ.എ മാരും വളരെ മോശം പ്രവർത്തനം നടത്തിയവരാണെന്നതും മഹാസഖ്യം നന്നായി പ്രചരിപ്പിക്കുന്നുണ്ട്, അവരുടെ റാലികളിൽ ജനം നല്ലതോതിലെത്തുന്നുമുണ്ട്, ചിലയിടങ്ങൾ ഒഴിച്ചുനിർത്തിയാൽ

3) കണക്കുകൾ പ്രകാരമെങ്കിൽ 70 സീറ്റുകൾ വരെ നേടാനുള്ള വോട്ട് ഷെയർ (42%) കയ്യിലുണ്ടെന്നതും, ഇത് വ്യത്യസ്ത മേഖലകളിലും വിഭാഗങ്ങളിലുമായി കിടക്കുന്നതും സഖ്യത്തിന്റെ നേട്ടമായി കണക്കാക്കുന്നു

ദൗർബ്ബല്യം -:

1) ടിഡിപി എന്ന പാർട്ടി തെലങ്കാന രൂപീകരണത്തെ എതിർത്തവരായിരുന്നു. ഇതിൽ പിടിച്ച് ഇവർ ഭരണത്തിലേറിയാൽ ഭരണം നടത്തുന്നത് ആന്ധ്രയിലിരുന്നാകുമെന്നും, അത് തെലങ്കാനക്കാർക്ക് ആത്മഹത്യാപരമാകുമെന്നും, അതിനാൽ വോട്ട് ചെയ്യുന്ന നേരം അതോർക്കണമെന്നും, നായിഡു വിശ്വസിക്കാൻ കൊള്ളാത്തവനാണെന്നും കെ.സി.ആറിന്റെ നേതൃത്വത്തിൽ നടത്തുന്ന ടിആർഎസ് പ്രചാരണം  മഹാസഖ്യത്തിന് തിരിച്ചടിയാണ്

2) ടിക്കറ്റ് വിതരണത്തിനൊടുവിൽ കുറേയേറെ റിബലുകൾ കോൺഗ്രസ്-ടിഡിപി വിട്ടു പോയി തെലങ്കാന റിബൽ പാർട്ടി വരെ ഉണ്ടാക്കിയ സംഭവമിവിടെയുണ്ടായി. അതിൽ കുറേപേരെ അനുനയിപ്പിച്ചെങ്കിലും ഇപ്പോഴും 12 മണ്ഡലങ്ങളിൽ അവർ മഹാസഖ്യത്തിന് ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്

3) മഹാസഖ്യമാണെങ്കിലും ടിക്കറ്റ് വിതരണം മുതൽ പരസ്പരം ചെളിവാരിയെറിഞ്ഞ് തങ്ങൾക്ക് ലഭിക്കാമായിരുന്ന മുൻതൂക്കം ഇവർ നഷ്ടപ്പെടുത്തി. ടി.ജെ.എസിന് നൽകിയിരിക്കുന്നത് 8 സീറ്റുകളാണെങ്കിലും അവർ മറ്റ് 4 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തി ‘സൗഹൃദ മത്സരം’ നടത്തുന്നതും, ആവശ്യപ്പെട്ട സീറ്റുകൾ നൽകാതെ വെറും 3 സീറ്റുകൾ മാത്രം ലഭിച്ച സിപിഐയുടെ അമർഷവും സഖ്യത്തിന്റെ പരസ്പരമുള്ള വോട്ട് ട്രാൻസ്ഫറിനെ ബാധിച്ചേക്കും. അതുപോലെ കോൺഗ്രസ് മത്സരിക്കുന്ന 94 മണ്ഡലങ്ങൾ ഒഴിച്ചുള്ള 25 മണ്ഡലങ്ങൾ (TDP-14, TJS-8, CPI-3) സഖ്യത്തിന്റെ ദുർബ്ബല മേഖലയായാണ് കോൺഗ്രസിൽ പോലും പലരും കരുതുന്നത്, ഇത്തരം സീറ്റുകളിൽ ചിലതിൽ കോൺഗ്രസ് റിബലുകൾ മത്സരരംഗത്തുമുണ്ട്

ബിജെപിയുടെ ശക്തി:-

1) മുൻപെങ്ങും കാണാത്ത തരത്തിലുള്ള ശക്തമായ പ്രചാരണമാണ് പാർട്ടി സംസ്ഥാനത്ത് കാഴ്ചവെക്കുന്നത്. മോദി-ഷാ-യോഗി ടീമിന്റെ റാലികൾക്കെല്ലാം വൻ ജനസഞ്ചയമായിരുന്നു, നിരവധി കേന്ദ്ര മന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും ശക്തമായ പ്രചരണം നടത്തി. ഇത് പാർട്ടിയിലെ അണികളെയും, സാധാരണ വോട്ടർമാരെയും പലയിടത്തും സ്വാധീനിച്ചിട്ടുണ്ട്.

2) മോദി-യോഗി ദ്വയത്തിന് സംസ്ഥാനത്തുള്ള ജനപിന്തുണ, ഷാ 35 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങൾ, മാസ്റ്റർ സ്ട്രാറ്റജിസ്റ്റ് മുരളീധർ റാവു, അരവിന്ദ് മേനോൻ എന്നിവരുടെ പ്രവർത്തനങ്ങൾ  പാർട്ടിക്ക് നവോന്മേഷം നൽകി.

3) ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിർണ്ണായക സ്വാധീനമാകണമെന്ന ലക്ഷ്യത്തോടെ ഷാ സംഘാനുഭാവിയും, ഹിന്ദു വാഗ്മിയും, വേദ പണ്ഡിതനും, സർവ്വോപരി ‘ദക്ഷിണേന്ത്യൻ യോഗി ആദിത്യനാഥെന്ന്’ പേരുമുള്ള സ്വാമി പരിപൂർണ്ണാനന്ദയെ പാർട്ടിയിലേക്ക് കൊണ്ടുവന്നത് ബിജെപിക്ക് നൽകിയ ഊർജ്ജം ചെറുതല്ല. സംസ്ഥാനത്ത് 50ൽ പരം ജനസഭകളും റോഡ് ഷോകളുമാണ് ഇദ്ദേഹം മികച്ച ജനപങ്കാളിത്തത്തോടെ നടത്തിയത്

ദൗർബ്ബല്യം:-

1) സംസ്ഥാന നേതൃത്വം – പാർട്ടി പ്രസിഡന്റ് ലക്ഷ്മണ സിറ്റിങ്ങ് എം.എൽ.എ ആണെങ്കിലും സംസ്ഥാനത്തൊട്ടാകെയുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ അദ്ദേഹവും മറ്റ് നേതാക്കളും ഒരു വൻ പരാജയമായി. ഇവരെ ‘നംപള്ളി പ്രസ്സ് മീറ്റ് ഗാങ്ങ് ‘ എന്ന് വിളിച്ചു കളിയാക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തകരെ ഞങ്ങൾ കണ്ടു. അതിനാലാണ് ഷാ മറുതന്ത്രം മെനഞ്ഞ് ഇവരെ ഒതുക്കിയതെന്നും പറയപ്പെടുന്നു

2) 35 മണ്ഡലങ്ങൾ ഒഴിച്ചാൽ സംസ്ഥാനത്തെ മറ്റ് 84 മണ്ഡലങ്ങളിൽ പാർട്ടിക്ക് പ്രത്യേകിച്ച് വലിയ സാന്നിദ്ധ്യമൊന്നുമില്ലെന്നത്, ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള മണ്ണിൽ, മോദിക്ക് രാഹുലിനേക്കാൾ ജനപ്രീതിയുള്ള ദക്ഷിണേന്ത്യയിലെ 2 സംസ്ഥാനങ്ങളിലൊന്നായ തെലങ്കാനയിൽ, അത്ഭുതമായി തോന്നാം. സംഘടനാ ദൗർബ്ബല്യം ഈ മേഖലകളിൽ വ്യക്തമാണ്

3) ബിജെപി എന്ന പാർട്ടി ഭരണം പിടിക്കില്ലെന്ന് ഉറച്ച വിശ്വാസമുള്ളതിനാൽ കോൺഗ്രസിനെയും ടിഡിപിയെയും ഒഴിവാക്കാനായി ടിആർഎസിന് വോട്ട് ചെയ്യാൻ സാധ്യതയുള്ള ബിജെപി തത്പര/ ന്യൂട്രൽ വോട്ടർമാർ പാർട്ടിക്ക് തലവേദനയാണ്

ബിജെപിക്ക് ഏറെ സാധ്യതയുള്ള മണ്ഡലങ്ങൾ (ഒന്നോ രണ്ടോ സ്ഥാനത്തെത്താവുന്നവയോ നല്ലതോതിൽ വോട്ട് വർദ്ധിക്കാവുന്നവയോ ആയ മണ്ഡലങ്ങൾ)

– ഗോഷാമഹൽ
– മൽകജ് ഗിരി
– കൽവകുരുത്തി
– മുർഷിദാബാദ്
– എൽബി നഗർ
– നിർമൽ
– മുധോൾ
– ഉപ്പൽ
– മാലക്പേട്ട്
– അംബേർപേട്ട്
– ഡുബ്ബക്ക
– സൂര്യപേട്ട
– നിസാമാബാദ് അർബൻ
– മേഡ്ച്ചൽ
– അലേരു
– ഭൂപലഹള്ളി
– അദിലാബാദ്
– ഘാനാപൂർ
– നാരായൺ പേട്ട്
– കരിം നഗർ
– യെല്ലൻഡു
– സംഗറെഡ്ഡി
– ഖൈറത്താബാദ്
– സെരിലിംഗപള്ളി
– അലേരു

ഇപ്പോഴത്തെ കണക്കുകൂട്ടലുകൾ വെച്ച് ടിആർഎസ്സിന് 43 സീറ്റിലും, മഹാസഖ്യത്തിന് 42 ഇടത്തും മുൻതൂക്കമുണ്ട്, ബിജെപി 6 ഇടത്തും, ഒവൈസിയുടെ പാർട്ടി 4 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. 24 മണ്ഡലങ്ങളിലെ ഫലം ആർക്കു വേണമെങ്കിലും അനുകൂലമാകാം, ഇതിൽ ടിആർഎസ്, മഹാസഖ്യം എന്നിവർക്ക് പുറമെ 18 ഇടത്ത് ബിജെപിയും, 2 ഇടത്ത് ബിഎസ്പിയും, 8 ഇടത്ത് റിബലുകളും ശക്തമായി മത്സര രംഗത്തുണ്ട്.

ഇവയിൽ മഹാസഖ്യത്തിലെ സഖ്യകക്ഷികൾ മത്സരിക്കുന്ന 8 മണ്ഡലങ്ങളുമുണ്ട് (സഖ്യത്തിന്റെ ദൗർബ്ബല്യവും ഈ മണ്ഡലങ്ങളാണ്).ഈ 24 മണ്ഡലങ്ങളിൽ 18 എണ്ണം ടിആർഎസ്- മഹാസഖ്യം എന്നിവരിലാർക്കെങ്കിലും നേടാനായാൽ അവർ ഭരിക്കും, മറിച്ച് ഇതിലെ ഒരു ഭാഗം സീറ്റുകൾ മറ്റുള്ളവർ കൊണ്ടു പോയാൽ ത്രിശങ്കുവാകും ഫലം

എന്തായാലും നാളെ വോട്ടെടുപ്പ് കഴിയുന്നതോടെ ഒരു ചിത്രം വ്യക്തമാകും

 

436 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close