India

രജപുത്താനയിൽ യുദ്ധം മുറുകുമ്പോൾ

സവ്യസാചി & ടീം

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും ഉദ്വേഗ ജനകമായ  നിയമസഭാ തിരഞ്ഞെടുപ്പുകളിലൊന്നിന് ഒരുങ്ങിക്കഴിഞ്ഞു. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. 7 നാണ് വോട്ടെടുപ്പ്. ഞങ്ങളുടെ ടീം കഴിഞ്ഞ 61 ദിവസങ്ങളായി സംസ്ഥാനത്തുണ്ട്

സംസ്ഥാനത്ത് ആകെ 33 ജില്ലകളിലായി 200 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ബി.എസ്.പി സ്ഥാനാർത്ഥി മരണപ്പെട്ട രാംഗഢിലെ തിരഞ്ഞെടുപ്പ് മാറ്റി വെച്ചതിനാൽ 199 മണ്ഡലങ്ങളിലേക്കാണ് 7ന് തിരഞ്ഞെടുപ്പ് നടക്കുന്നത് 2013 ലെ പോളിങ്ങ് ശതമാനം 75.04% ആയിരുന്നു

രാംഗഢിലെ 21 സ്ഥാനാർത്ഥികളെ ഒഴിച്ചുനിർത്തിയാൽ ആകെ 2273 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. ആകെ വോട്ടർമാർ – 4.74 കോടി, പാർട്ടികൾ – 88

ആകെയുള്ള 88 പാർട്ടികളിൽ 35 പാർട്ടികൾ 1-2 മണ്ഡങ്ങളിൽ മാത്രമാണ് മത്സരിക്കുന്നത്. 41 പാർട്ടികൾ 3-20 സീറ്റുകളിലും, 12 പ്രധാന പാർട്ടികൾ 50 മുതൽ 200 സീറ്റുകളിലും മത്സരിക്കുന്നു

സ്ഥാനാർത്ഥി ബാഹുല്യം ഒട്ടുമിക്ക സീറ്റുകളിലുമുണ്ട്. ഉദാഹരണത്തിന് ആൽവാറിലെ 11 സീറ്റുകളിലായി 145 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്

1 മാസം മുന്നെവരെ ഇവിടുണ്ടായിരുന്ന ട്രെൻഡ് എന്നു പറഞ്ഞാലത് കോൺഗ്രസിന്റെ വൻ വിജയ പ്രതീക്ഷയും, ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്ന് സമാഗതമായെന്ന സൂചനയുമായിരുന്നു

ഒക്ടോബർ രണ്ടാം വാരത്തിൽ പോലും കോൺഗ്രസിന് 160 സീറ്റുകളോളം ലഭിക്കുമെന്ന പ്രതീതിയുണ്ടായിരുന്നു. ബിജെപി ചിത്രത്തിലേ ഇല്ലായിരുന്നു, ആർഎസ്എസ് വസുന്ധരെയുടെ അവഗണനയിൽ പ്രതിഷേധിച്ച് രംഗത്തുമില്ലായിരുന്നു. ഷായുടെയും മോഹൻജി ഭാഗവതിന്റെയും നേരിട്ടുള്ള ഇടപെടലുകളിലൂടെ മഞ്ഞുരുക്കാനുള്ള ശ്രമം നടക്കുകയും അതിന് ഫലം കാണുകയും ചെയ്തു

പിന്നീടങ്ങോട്ട് ബിജെപി മത്സരരംഗത്തേക്ക് തിരിച്ചുവരുന്ന കാഴ്ച അല്പമെങ്കിലും ദൃശ്യമായിത്തുടങ്ങി. ആർഎസ്എസ് കേഡർ വർക്കുകളിൽ പലയിടത്തും വ്യാപൃതരായി

എന്നാൽ ബിജെപിയെ യഥാർത്ഥത്തിൽ ട്രാക്കിലേക്ക് തിരിച്ചെത്തിച്ചത് സ്ഥാനാർത്ഥി നിർണ്ണയമാണ്, പ്രത്യേകിച്ചും 60 ഓളം സിറ്റിങ്ങ് എംഎൽഎമാർക്ക് സീറ്റുകൾ നൽകാതെ പുതുമുഖങ്ങൾക്ക് സീറ്റുകൾ നൽകിയതും പത്തോളം എംഎൽഎമാരുടെ സീറ്റുകൾ മാറ്റി നൽകിയതും ബിജെപി അണികൾക്ക് ഉണർവ്വു നൽകി. റിബലുകൾ പലയിടത്തും പത്രിക സമർപ്പിച്ചെങ്കിലും പാർട്ടി കുറേപേരുടെ പത്രിക പിൻവലിപ്പിക്കുന്നതിൽ വിജയിച്ചു

എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർത്ഥി ലിസ്റ്റ് വന്നതോടെ ബിജെപിക്കനുകൂലമായ ചില സംഭവങ്ങളുണ്ടായി. താരതമ്യേന ഏറ്റവും കുറവ് റിബലുകളെ പ്രതീക്ഷിച്ചത് കോൺഗ്രസിലായിരുന്നു. ലിസ്റ്റ് പുറത്തുവന്നതോടെ 50 ഓളം മണ്ഡലങ്ങളിൽ റിബലുകൾ പ്രത്യക്ഷപ്പെടുകയും അതിൽ 44 പേരും ഇപ്പോഴും നിലനിൽക്കുന്ന അവസ്ഥയുമുണ്ടായി. വീണുകിട്ടിയ അവസരം മുതലെടുക്കാനായി ബിജെപി ശക്തമായി രംഗത്തിറങ്ങിയതോടെ മത്സരം രസകരമായി മാറി

സംസ്ഥാനത്ത് ഈ തിരഞ്ഞെടുപ്പ് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുക ജാതീയതക്ക് ഏറെ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പെന്ന പേരിലായിരിക്കും. ഇപ്പോൾ ഹിന്ദുത്വവാദവും മറനീക്കി വീണ്ടും പുറത്തു വന്നിരിക്കുന്നു

ആർഎസ്എസുമായി രാജെക്കുണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മയും, അണികൾക്ക് ഇടപെടാൻ സമയം ലഭിക്കാത്ത മുഖ്യമന്ത്രിയെന്ന പേരും, മുതിർന്ന ചില നേതാക്കൻമാരോടുള്ള രാജെയുടെ അവഗണനയും പാർട്ടിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു, അവിടെയാണ് പാർട്ടിയുടെ തിരിച്ചടി ആരംഭിച്ചത്. അൽവാർ, അജ്മേർ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ വൻ പരാജയവും,  തദ്ദേശ സ്വയം‌ഭരണ ഉപ തിരഞ്ഞെടുപ്പുകളിലെ മോശം പ്രകടനവും പാർട്ടിയുടെ പുറത്തേക്കുള്ള വഴി വ്യക്തമാക്കുന്ന ഉദാഹരണമായിരുന്നു

കഴിഞ്ഞ തവണ 4.25% വോട്ടോടെ 4 സീറ്റുകൾ നേടുകയും 41 മണ്ഡലങ്ങളിൽ ഫലത്തെ സ്വാധീനിക്കുന്നതരത്തിൽ വോട്ടുപിടിക്കുകയും ചെയ്ത എൻപിഇപി തലവനും, പ്രബല എസ്ടി സമുദായമായ മീണ വിഭാഗത്തിലെ തലമുതിർന്ന നേതാവുമായ കിരോടി ലാൽ മീണയെ രാജെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കുകയും ‘ഡാമേജ് കൺട്രോൾ’ ആരംഭിക്കുകയും ചെയ്തു

ഷായുമായി ഒത്തുപോകാതെ സംസ്ഥാന പ്രസിഡന്റ് നിയമനം വൈകിപ്പിച്ചതെല്ലാം കോൺഗ്രസ് വേണ്ടുവോളം ഉപയോഗിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ഷായുമായി രാജെ ധാരണയിലെത്തുകയും വിജയദശമിക്കുശേഷം മോഹൻജി ഭാഗവതുമായി ചർച്ച നടത്തുകയും ചെയ്തു

അദ്ദേഹം സംസ്ഥാനത്ത് 10 ദിവസം ചെലവഴിച്ച് സംഘ ബ്രിഗേഡിനെ സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിപ്പിച്ച് അവരെ സക്രിയരാക്കി. ഷാ സംസ്ഥാനത്ത് തന്റെ സ്ട്രാറ്റജിക് ടീമിനെ രംഗത്തിറക്കുകയും സംസ്ഥാനത്തെ 200 സീറ്റുകളിലും ഒരു സർവ്വെ നടത്തി 40% ത്തോളം എംഎൽഎമാരെയും മാറ്റണമെന്ന തീരുമാനത്തിലെത്തുകയും രാജെയെ അതിന്റെ ആവശ്യകത ധരിപ്പിക്കുകയും ചെയ്തു

എന്നാൽ ബിജെപിയുടെ വോട്ട് ബാങ്കായിരുന്ന, ജനസംഖ്യയിൽ 8-10% വരുന്ന രജപുത്രരുടെ സ്റ്റാൻഡ് ബിജെപിയെ കുഴക്കി. ഒരു രജപുത്ര നേതാവിന്റെ (ഗാങ്ങ്സ്റ്റർ) കൊലപാതകവും, രജപുത്രർക്കായി ഒന്നും ചെയ്തില്ലെന്ന വാദവും, പത്മാവതുമായി ബന്ധപ്പെട്ട വിവാദങ്ങളും രജപുത്രരിൽ നല്ലൊരു വിഭാഗത്തെ ബിജെപിയിൽ നിന്നകറ്റി

ഹിന്ദുത്വവാദികളായ ഇവർ കടുത്ത മോദി ആരാധകരാണെങ്കിലും രാജെയെ പുറത്താക്കിയേ അടങ്ങൂ എന്ന വാശിയിലാണ്. ആർഎസ്എസ് നേരിട്ട് ഇടപെട്ടതിലൂടെ കുറച്ച് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മിക്കവരും 2018ൽ കോൺഗ്രസ്, 2019 ൽ ബിജെപി എന്ന വാദഗതി നിരത്തുന്നവരാണ്

മോദീ നിന്നോട് വിരോധമില്ല, രാജേ നിന്നെ ഞങ്ങൾ ശ്രദ്ധിക്കുന്നുമില്ല എന്ന മുദ്രാവാക്യം ഇവരാണിറക്കിയത്. ഇതിനിടെ രാജെയുമായി പിണങ്ങി പ്രമുഖ ബ്രാഹ്മണനേതാവ് ഗൻശ്യാം തിവാരി ഭാരത് വാഹിനി എന്ന പാർട്ടി രൂപീകരിക്കുകയും 2008ൽ പാർട്ടി വിട്ട ജാട്ട് നേതാവും സ്വതന്ത്ര എംഎൽഎയുമായ ഹനുമൻ ബേണിവാളിന്റെ ആർഎൽപിയുമായി സഖ്യത്തിലെത്തുകയും ചെയ്തു.

ഇതിനു പുറമെ ജസ്വന്ത് സിംഗിന്റെ പുത്രൻ മാനവേന്ദ്ര സിംഗും പാർട്ടി വിടുകയും ഝൽറാ പഠാനിൽ രാജെക്കെതിരെ സ്ഥാനാർത്ഥിയാകുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങൾക്കിടയിൽ നിന്നാണ് ഷാ തന്റെ തന്ത്രങ്ങളിലൂടെ പാർട്ടിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്

രാജസ്ഥാനിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾ പൊതുവെ 18-20% വോട്ട് പിടിക്കാറുണ്ട്, 10 + സീറ്റുകളും നേടാറുണ്ട്. ഇത്തവണ ഈ വിഭാഗത്തിൽ ഏറ്റവും നല്ല പോരാട്ടം കാഴ്ചവെക്കുന്നത് 118 സീറ്റുകളിൽ മത്സരിക്കുന്ന ആർഎൽപി + ബിവിപി സഖ്യമാണ്, പിന്നെ ബിഎസ്പിയും (190 സീറ്റുകൾ). ഇടത് കക്ഷികളും, എസ്പിയും, ജെഡിഎസും ചേർന്ന ലോക് താന്ത്രിക് മോർച്ചയും(60ഓളം സീറ്റുകളിൽ) ചില സീറ്റുകളിൽ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. 142 സീറ്റുകളിൽ ആം ആദ്മി പാർട്ടിയും  മത്സരിക്കുന്നു

ഇവർക്കു പുറമെ ഇരുപാർട്ടികൾക്കും 70 ഓളം മണ്ഡലങ്ങളിൽ റിബൽ സ്ഥാനാർത്ഥികളുണ്ട് (20+ മണ്ഡലങ്ങളിൽ 2 പാർട്ടികൾക്കും റിബലുകളുണ്ട്). ഇവരിൽ 48 പേർ ശക്തമായ സാന്നിദ്ധ്യമാണ്, ഇതിൽ 18 പേർ ബിജെപിയിലും 30 പേർ കോൺഗ്രസിലുമാണ്. ഉറച്ച വിജയം ഇവരുടെ വരവോടെ പല മണ്ഡലങ്ങളിലും തുലാസിലായി, ശകതരായ റിബലുകളുടെ എണ്ണം സൂചിപ്പിക്കുന്നതു പോലെ കോൺഗ്രസിനാണ് ഇതിന്റെ പ്രശ്നങ്ങൾ കൂടുതലും നേരിടേണ്ടി വരുന്നത്

രണ്ടു പാർട്ടികളുടെയും ശക്തി- ദൗർബ്ബല്യങ്ങൾ ഒന്നു നോക്കാം

ബിജെപിയുടെ ശക്തി:-

1) മോദി എന്ന മഹാരഥൻ, ഭാരതത്തിലെ ഏറ്റവും ജനകീയനായ നേതാവിന്റെ റാലികളിൽ കണ്ട ജനസാഗരം, അത് അണികളിൽ ഉയർത്തിയ ആവേശം എന്നിവ പറയാതിരിക്കാനാകില്ല, 10 റാലികൾ നടത്താൻ പദ്ധതിയിട്ട് അവസാന ദിവസത്തിൽ 2 റാലികൾ കൂടി കൂട്ടിച്ചേർത്തതും ഈ ജനപിന്തുണയും ഊർജ്ജ പ്രവാഹവും കണ്ടാണ്. ബിൽവാരയിൽ കണ്ടത് മോദി സുനാമിയായിരുന്നു, വീഡിയോ ഞങ്ങൾ സവ്യസാചിയുടെ അക്കൗണ്ടുകളിലൂടെ ഇട്ടിരുന്നു. ഈ 12 റാലികളിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ഒരു റാലിയിൽ 2 ലക്ഷത്തിനു മുകളിലും, 8 എണ്ണത്തിൽ 1 ലക്ഷത്തിനു മുകളിലും, 3 എണ്ണത്തിൽ 50000 + ഉം ആയിരുന്നു

2) ഷാ എന്ന മാസ്റ്റർ സ്ട്രാറ്റജിസ്റ്റ് – ഞങ്ങളുടെ കരിയറിൽ ഇത്രയും കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു പാർട്ടി പ്രസിഡൻറിനെ വേറെ കണ്ടിട്ടില്ല എന്നതാണ് സത്യം. എതിരാളികൾ പോലും ഇങ്ങനെയൊരാളെ തങ്ങൾക്കു ലഭിച്ചെങ്കിൽ എന്നാഗ്രഹിച്ചു പോകുന്ന നേതാവ്. ഇദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് പാർട്ടിയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്, കഴിഞ്ഞ 1 മാസമായി അദ്ദേഹം സംസ്ഥാനത്താണ് ഏറ്റവുമധികം സമയം ചിലവഴിക്കുന്നത്. ഇനി കാത്തിരിക്കുന്നത് തിരഞ്ഞെടുപ്പ് ദിവസമുള്ള അദ്ദേഹത്തിന്റെ ബൂത്ത് മാനേജ്മെന്റ് ടെക്നിക്കിനാണ്.  കേഡറുകളെ സംസ്ഥാനത്തെ 130 മണ്ഡലങ്ങളിലെങ്കിലും വളരെ ആക്റ്റീവ് ആക്കാൻ അദ്ദേഹത്തിന്റെ തന്ത്രങ്ങൾക്കായി. വിജയമായാലും പരാജയമായാലും അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിച്ചേർക്കപ്പെടും

3) യോഗി എന്ന ഹിന്ദുത്വ നേതാവിന്റെ റാലികൾക്ക് സംസ്ഥാനത്ത് 40000 പേരെ വരെ ലഭിച്ചു എന്നതാണ്. പല സുപ്രധാന മണ്ഡലങ്ങളിലും അദ്ദേഹം ഓടിനടന്ന് പ്രചാരണം നടത്തുകയും ഹിന്ദുത്വ ഭരണകൂടത്തിന്റെ ആവശ്യകത ജനങ്ങളിലേക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനു പുറമെ ചൗഹാൻ, രാജ് നാഥ്, ഗഡ്കരി, ഇറാനി, മനോജ് തിവാരി തുടങ്ങിയവരുടെയെല്ലാം റാലികൾക്ക് നല്ല ജനത്തിരക്കുണ്ടായിരുന്നു. ജൻ ആശീർവാദ് യാത്രയോടെ ‘താഴേക്കിറങ്ങി വന്ന’ രാജെയുടെ റാലികളിലും ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർ, ഒഴുകിയെത്തി. ഈ മാസം മാത്രം അവർ നടത്തിയത് 80 ൽ പരം ജനസഭകളാണ്. ബാമഷ ഹെൽത്ത് ഇൻഷൂറൻസ്, അന്ന ലക്ഷ്മി, വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണം, ബി.പി.എൽ കുടുംബങ്ങളിലെ സ്ത്രീകൾക്കുള്ള മൊബൈൽ ഫോൺ വിതരണം എന്നിവ നല്ലൊരു വിഭാഗം സ്ത്രീകളെ അവരോടടുപ്പിച്ചു

4) കേന്ദ്രസർക്കാറിന്റെ ഏറ്റവും ജനകീയ പദ്ധതികളായ ഉജ്ജ്വല , ആവാസ് യോജന, സൗഭാഗ്യ, മുദ്ര, സ്വച്ഛ് ഭാരത്, ഡയറക്റ്റ് ബാങ്ക് ട്രാൻസ്ഫർ, പ്രധാനമന്ത്രി സടക് യോജന, സാമൂഹ്യക്ഷേമ പെൻഷനുകൾ, ഭീമാ യോജനകൾ എന്നിവക്ക് ഏറെ ഗുണഭോക്താക്കളുള്ള സംസ്ഥാനമെന്നത് മനസ്സിലാക്കി ഷാ ആ ഗുണഭോക്താക്കളെ നേരിട്ട് കാണാൻ കേഡറുകളോട് ആവശ്യപ്പെടുകയും അത് 3 തവണയെങ്കിലും നടത്താനാവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു സ്ലീപ്പർ സെൽ വർക്ക് പോലെ പലയിടത്തും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു

ദൗർബല്യം:-

1) സർക്കാറിലെ മൂന്നിൽ ഒന്ന് എംഎൽഎമാരോടുള്ള ജനങ്ങൾക്കുള്ള വിരോധം, അതിന്റെ ഫലമായി ഇവർക്ക് രാജെയോടുള്ള അതൃപ്തി

2) രജപുത്രർ എന്ന വോട്ട് ബാങ്കിൽ വന്ന സാരമായ വിള്ളൽ, സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയിൽ ഗുർജറുകൾ (8-10%) കോൺഗ്രസിനു നൽകുന്ന പിന്തുണ

3) ഗനശ്യാം തിവാരി – ബേണിവാൾ സഖ്യവും, 18 ശക്തരായ റിബലുകളുടെ സാന്നിദ്ധ്യവും പാർട്ടി സ്ഥാനാർഥികളുടെ വോട്ടുകളിൽ സൃഷ്ടിച്ചേക്കാവുന്ന വിള്ളൽ

4) കോൺഗ്രസ് സൃഷ്ടിച്ചെടുത്ത, അല്ലെങ്കിൽ കോൺഗ്രസിനനുകൂലമായി ഉയർന്നുവന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ മാറ്റം വരുത്താനായെങ്കിലും, അതിനെ പൂർണ്ണമായും മറികടക്കാനാകുമോ എന്ന സംശയം

കോൺഗ്രസിന്റെ ശക്തി:-

1) രാജെയുടെ എംഎൽഎമാരോടും അതുവഴി രാജെയോടും പാർട്ടി പ്രവർത്തകർക്കും, പൊതു ജനത്തിലൊരു വിഭാഗത്തിനുമുണ്ടായ എതിർപ്പ്

2) ഗെഹ് ലോട്ട് – പൈലറ്റ് ദ്വയത്തിനു കീഴിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാണാത്ത തരത്തിൽ അണിനിരന്ന പാർട്ടി എന്ന് വോട്ടർമാർക്കിടയിൽ സൃഷ്ടിക്കാൻ കഴിഞ്ഞ ഇമേജ്

3) തുടക്കത്തിലേ ഏറെ മുന്നേറാനായതും, ബിജെപി ട്രാക്കിലെത്താൻ സമയമെടുത്തതും പാർട്ടിക്ക് ഗുണമായി

4) ആർഎൽഡി ക്കും എൽജെഡിക്കും രണ്ടും, എൻസിപി ക്ക് ഒന്നും സീറ്റുകൾ നൽകിയതിലൂടെ അവരുടെ 1% ത്തോളം വോട്ട് നേടിയെടുക്കാമെന്ന പദ്ധതിയും, രാഹുൽ ഗാന്ധിയുടെ റാലികളിലൂടെ അണികളുടെ വീര്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമവും, കർഷകരുടെ മുഴുവൻ ലോണും എഴുതിത്തള്ളുമെന്ന വാഗ്ദാനവും പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന അനുമാനം. കർഷകരിത്തവണ നല്ലൊരു വിഭാഗം ഇതിനാൽ പാർട്ടിക്കൊപ്പമുണ്ട്

ദൗർബ്ബല്യം:-

1) ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരം പോലെ ആദ്യമേ ഏറെ മുന്നിലെത്തിയ കോൺഗ്രസ് ഒരു ആലസ്യത്തിന് അല്ലെങ്കിൽ അമിതാത്മവിശ്വാസത്തിന് അടിപ്പെടുന്നതും ബിജെപി ഒപ്പമോടിയെത്തിയതു കണ്ട് വീണ്ടും എഴുന്നേറ്റ് ബാക്കി ഓടിത്തീർക്കാനുള്ള ശ്രമത്തിലായതും യഥാർത്ഥത്തിൽ ഒരു തിരിച്ചടിയായി

2) മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്താതെ പോരാട്ടത്തിനിറങ്ങിയ പാർട്ടിക്ക് ഗെഹ് ലോട്ട് – പൈലറ്റ് ഈഗോ പ്രശ്നം അടിത്തട്ടിൽവരെ തലവേദനയായിരിക്കുകയാണ്. ഇതിന് ആക്കം കൂട്ടുന്നതായി ടിക്കറ്റ് വിതരണത്തിൽ വന്ന പാളിച്ചകളും, തർക്കങ്ങളും, പ്രതിഷേധങ്ങളും. സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് സീറ്റ് ലഭിക്കാത്തതിൽ ഇരുപക്ഷവും കടുത്ത വിരോധത്തിലാണ്. ഇതിലൂടെ പിറവിയെടുത്ത ശക്തരായ 30 റിബൽ സ്ഥാനാർത്ഥികൾ (ആകെ കോൺഗ്രസ് റിബലുകൾ – 44) ഉറച്ച മണ്ഡലങ്ങളിൽപ്പോലും പാർട്ടിക്ക് വലിയ തലവേദനയായി മാറിയിട്ടുണ്ട്. ഗെഹ് ലോട്ട് അനുയായികളാണ് ഇതിലധികവും.

ഇതിനു പുറമെ ഹനുമൻ ബേണിവാളിന്റെ ആർ.എൽ.പി ബിജെപിയുടെ വോട്ടുകളേക്കാൾ തങ്ങളുടെ വോട്ട് ബാങ്കായ ജാട്ടുകളുടെ വോട്ട് പിടിച്ചെടുത്തേക്കുമെന്ന ആശങ്ക പാർട്ടി പ്രവർത്തകർക്കുള്ളിൽ, പ്രത്യേകിച്ചും പടിഞ്ഞാറൻ രാജസ്ഥാനിൽ പരക്കുന്നുണ്ട്. ഇതിനു പുറമെ അമിത് ഷാ പണം കൊടുത്ത് നിർത്തിച്ചവരെന്ന് കോൺഗ്രസ് ആരോപണം ഉന്നയിക്കുന്ന സ്വതന്ത്രരും (പ്രധാന എതിർപക്ഷ സ്ഥാനാർത്ഥിയുടെ പേരുള്ളവർ സുലഭം) കുറച്ച് വോട്ടെങ്കിലും കൊണ്ടു പോകുമെന്ന ഭയം. പിന്നെ മറ്റ് ചെറു പാർട്ടികൾ വിഘടിപ്പിക്കുന്ന പ്രതിപക്ഷ വോട്ടുകളുടെ വ്യാപ്തി കണക്കുകൂട്ടാനാകുന്നില്ലെന്ന ന്യൂനതയും

3) മധ്യപ്രദേശിലെ കോൺഗ്രസ് മാനിഫെസ്റ്റോയിൽ സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയിൽ ശാഖ നടത്താൻ ആർഎസ്എസിനെ സമ്മതിക്കില്ലെന്നും, അവരെ അത്തരം സ്ഥലങ്ങളിൽ നിരോധിക്കുമെന്നുമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം ഇരുട്ടടിയായി, അതോടെ മോഹൻ ഭാഗവത് നേരിട്ട് ഇടപെടുകയും മധ്യപ്രദേശിലും രാജസ്ഥാനിലും സംഘ കേഡറുകൾ ആക്റ്റീവായി രംഗത്തിറങ്ങുകയും ചെയ്തു. ഇത്തരത്തിൽ ആക്റ്റീവായ ഒരു കേഡർ ബേസില്ലെന്നത് പാർട്ടിക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്, പ്രത്യേകിച്ചും ബൂത്ത് മാനേജ്മെൻറിന് ഏറ്റവും പ്രാധാന്യമുള്ള ഒരു ഇലക്ഷൻ ആയതിനാൽ. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ,മുസ്ലിങ്ങൾ ഭൂരിപക്ഷമോ 30-50% വരെയോ ജനസംഖ്യയുള്ള മണ്ഡലങ്ങളിൽ (16 എണ്ണം) കാണപ്പെടുന്ന വർദ്ധിച്ച ന്യൂനപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ എണ്ണം, 2013 ൽ 80 ഉണ്ടായിരുന്നിടത്തിപ്പോൾ 125 പേരുണ്ട്. ഇത് വോട്ടർമാരിൽ സൃഷ്ടിച്ചേക്കാവുന്ന ആശയക്കുഴപ്പം

4) കോൺഗ്രസ് നേതാവ് സി.പി.ജോഷി ബ്രാഹ്മണർ മാത്രമാണ് യഥാർത്ഥ ഹിന്ദുക്കളെന്നു പറഞ്ഞതും, മോദിയുടെയും ഉമാഭാരതിയുടെയും ജാതികൾ ഒ.ബി.സി ഹിന്ദുക്കളല്ലെന്നുമുള്ള പ്രസംഗവും താഴേത്തട്ടിലേക്കിറങ്ങിച്ചെന്നു. ഇത് അനവസരത്തിലായിപ്പോയി എന്ന് സംസ്ഥാനത്ത് പരക്കെ സംസാരമുണ്ട്

കോൺഗ്രസിന്റെ പ്രതീക്ഷിത വോട്ട് ബാങ്ക് –
-രജപുത്രരിൽ ഭൂരിഭാഗം
-ഗുർജറുകളിൽ ഭൂരിഭാഗം
-ജാട്ടുകളിൽ ഒരു വിഭാഗം
-മാലികളിൽ നല്ലൊരു വിഭാഗം
-ജനറലിൽ ഒരു വിഭാഗം
-മുസ്ലിം-ക്രിസ്ത്യൻ ഭൂരിഭാഗം
-മീണയിൽ ഒരു ഭാഗം
-എസ് സി/മറ്റ് എസ് ടികളിൽ ഒരു നല്ല വിഭാഗം

ബിജെപിയുടെ പ്രതീക്ഷിത വോട്ട് ബാങ്ക് –

-മീണകളിൽ ഭൂരിഭാഗം
-മറ്റ് ജനറൽ വിഭാഗത്തിലെ ഭൂരിഭാഗം (രജപുത്രർ കൂടുതലും കോൺഗ്രസിനാകും വോട്ട് ചെയ്യുക, അതുപോലെ ബ്രാഹ്മണരിൽ ഒരു വിഭാഗം കോൺഗ്രസിനും, ചെറിയൊരു വിഭാഗം തിവാരിയുടെ ബിവിപിക്കും വോട്ട് ചെയ്തേക്കും)
– ജാട്ടുകളിൽ ഒരു വിഭാഗം
– മറ്റ് ഒബിസികളിലെ (ജാട്ട്-മാലി-ഗുർജർ ഒഴിച്ച്) ഭൂരിഭാഗം
-എസ് സി/എസ്ടി ഗണത്തിലെ നല്ലൊരു വിഭാഗം
– മാലികളിലെ ഒരു വിഭാഗം
– രജപുത്ര-ഗുർജറുകളിലെ ഒരു വിഭാഗം

35 മണ്ഡലങ്ങളിൽ ശക്തമായ തൃകോണ മത്സരവും, 45 മണ്ഡലങ്ങളിൽ ശക്തമായ ചതുഷ്ക്കോണ-പഞ്ചഭുജ മത്സരങ്ങളും നടക്കുന്ന സംസ്ഥാനത്ത് ഇവയിലെ 57 മണ്ഡലങ്ങളിലെ ഫലങ്ങൾ എങ്ങോട്ടു വേണമെങ്കിലും മറിയാമെന്ന അവസ്ഥയുള്ളവയാണ്

ഇന്നത്തെ നിശ്ശബ്ദ പ്രചരണം + വോട്ടർ മൊബിലൈസേഷൻ എന്നിവക്കും നാളത്തെ ബൂത്ത് മാനേജ്മെന്റിനും, വോട്ടിങ്ങ് ശതമാനത്തിനും ഏറെ പ്രാധാന്യമുള്ള ഈ ഇലക്ഷൻ ജയിക്കുന്ന രണ്ടു പാർട്ടികളിലാർക്കുമത് ഒരു ‘ക്ലീൻ സ്വീപ്പ് ‘ ആകില്ല

ഞങ്ങളുടെ സർവ്വെകളിലെ ഇതുവരെയുള്ള കണ്ടെത്തലുകൾ വെച്ച് കോൺഗ്രസ് 72 മണ്ഡലങ്ങളിലും, ബിജെപി 63 മണ്ഡങ്ങളിലും, മറ്റുള്ളവർ 7 എണ്ണത്തിലും മുന്നിട്ടു നിൽക്കുന്നു. 57 മണ്ഡലങ്ങളിൽ അതിശക്തമായ മത്സരമാണ് നടക്കുന്നത്

ഇവയിലെ ചിത്രമറിയണമെങ്കിൽ 7ന് വോട്ടിംഗ് കഴിയുക തന്നെ വേണം

871 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close