ന്യൂഡല്‍ഹി: വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കി. വ്യാഴാഴ്ച പ്രമുഖ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച രാഹുല്‍ ഗാന്ധിയുടെ അഭിമുഖമാണ് പരാതിക്കാധാരം.
രാഹുലിന്റേത് പെയ്ഡ് അഭിമുഖമാണെന്നും തെലങ്കാനയിലെയും രാജസ്ഥാനിലെയും വോട്ടര്‍മാരെ സ്വാധീനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചതെന്നും പരാതിയില്‍ പറയുന്നു. വെളളിയാഴ്ചയായിരുന്നു ഈ രണ്ടു സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണിതെന്നും വോട്ടെടുപ്പിന് മുമ്പുള്ള 48 മണിക്കൂര്‍ സമയം വോട്ടര്‍മാരെ സ്വാധീനിക്കുന്ന യാതൊന്നും പാടില്ലെന്നും വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതൃത്വം വ്യക്തമാക്കി.