ന്യൂഡല്‍ഹി: ലൈംഗിക പീഡനാരോപണത്തെത്തുടര്‍ന്ന് ആകാശവാണി ഉദ്യോഗസ്ഥനെതിരെ നടപടി. ഉദ്യോഗസ്ഥനെ പദവിയില്‍ നിന്നും തരംതാഴ്ത്തുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഒമ്പത് വനിതാ സഹപ്രവര്ത്തകരാണ്് ഉദ്യോഗസ്ഥനെതിരെ ദേശീയ വനിതാ കമ്മിഷന് പരാതി നല്‍കിയത്.
നവംബര്‍ 12 നാണ് ഉദ്യോഗസ്ഥനെതിരെ പരാതി കമ്മിഷന് ലഭിച്ചത്. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് സെക്രട്ടറിക്കും പ്രസാര്‍ ഭാരതി സിഇഒയ്ക്കും കമ്മിഷന് കത്തയച്ചു. തുടര്‍ന്ന് അന്വേഷണത്തിനായി അച്ചടക്കസമിതിയെ നിയോഗിച്ചു.
ഉദ്യോഗസ്ഥനെ നിലവിലെ പദവിയില്‍ നിന്നും തരംതാഴ്ത്താനും ശമ്പളം വെട്ടിച്ചുരുക്കാനും ഈ കാലയളവില്‍ യാതൊരു ആനുകൂല്യങ്ങളും നല്‍കേണ്ടതില്ലെന്നും അച്ചടക്കസമിതി ശിപാര്‍ശ ചെയ്തു.
വനിതാ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അച്ചടക്ക സമിതി അംഗീകരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നെന്ന് കമ്മീഷന് പത്രക്കുറിപ്പില്‍ അറിയിച്ചു.
കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം വനിതകളുടെ സുരക്ഷയ്ക്കായി പ്രസാര്‍ ഭാരതിയില്‍ സിസിടിവി സ്ഥാപിക്കുകയും ഗതാഗത സൗകര്യം ഒരുക്കുകയും ചെയ്തു. ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി പരാതി അന്വേഷിക്കുന്നതിനുള്ള നിര്‍ദേശങ്ങളും പ്രസാര്‍ ഭാരതി നല്‍കിയിട്ടുണ്ട്.