കുവൈറ്റ് സിറ്റി : കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി സാരഥി കുവൈറ്റ് സമാഹരിച്ച തുകയുടെ രണ്ടാംഘട്ട വിതരണം നടന്നു. സാരഥി പ്രസിഡന്റ് സുഗുണന് അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അജി.കെ.ആര് സ്വാഗതം ആശംസിച്ചു. മംഗഫിലെ ഇന്ദ്രപ്രസ്ഥ ഹാളില്‍ ബഹറിന്‍ എക്സ്ചേഞ്ച് കമ്പനി ജനറല്‍ മാനേജര്‍ മാത്യൂസ് വര്‍ഗ്ഗീസ് സാമ്പത്തിക സഹായ വിതരണോദ്ഘാടനം ചെയ്തു.
പ്രളയാനന്തരം സാരഥിയുടെ നേതൃത്വത്തില്‍ അംഗങ്ങളില്‍ നിന്നും 50 ലക്ഷത്തില്‍പരം തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് ഘട്ടങ്ങളിലായി വിതരണം ചെയ്യുന്നതിനായി പദ്ധതി തയ്യാറാക്കി. ഇതില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷംരൂപ സംഭാവനയായും നല്‍കിയിരുന്നു.
രണ്ടാംഘട്ട സഹായവിതരണത്തിനായി പ്രളയക്കെടുതിയില്‍പ്പെട്ട 80ല്‍പ്പരം അപേക്ഷകള്‍ സ്വീകരിക്കുകയും നാശനഷ്ടത്തിന്റെ തോത് കണക്കാക്കി അതില്‍ നിന്നും കുവൈറ്റിലെ പ്രവാസികളായ 40പേര്‍ക്ക് സാമ്പത്തിക സഹായം വിതരണവും ചെയ്തു.
പ്രളയാനന്തര സഹായങ്ങളുടെ മൂന്നാംഘട്ടമായി ബാക്കിയുള്ള അപേക്ഷകരുടെ സാമ്പത്തിക സഹായം കേരളത്തിലെ വിവിധ ജില്ലാതലത്തില്‍ വിതരണം ചെയ്യുന്നതിനോടൊപ്പം, നാലാംഘട്ടമായി പൂര്‍ണ്ണമായും വീട് തകര്‍ന്നവര്‍ക്കായി ഭവന നിര്‍മ്മാണ പദ്ധതിയുമായി സാരഥി കുവൈറ്റ് മുന്നോട്ട് പോകുകയാണ് എന്നും പദ്ധതിയുടെ ഉത്ഘാടനം സാരഥിയുടെ 19-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഈമാസം 21ന് സംഘടിപ്പിക്കുന്ന മെഗാഷോ ‘സാരഥീയം 2018’ ല്‍ വച്ച് നടത്തും എന്ന് സാരഥി പ്രളയസഹായ കമ്മിറ്റി കണ്‍വീനര്‍ സജീവ് നാരയണന് അറിയിച്ചു.
പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ അജിത്ത്, സാരഥി ട്രസ്റ്റ് ചെയര്മാന് സുരേഷ്, വനിതാവേദി ചെയര്‍പേഴ്സണ്‍ രാധാ ഗോപിനാഥ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും സാരഥി ട്രഷറര്‍ ബിജു.സി.വി കൃതജ്ഞത അര്‍പ്പിക്കുകയും ചെയ്തു.