തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമല വിഷയത്തിലാണ് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം പ്രതിഷേധം നടത്തിയത്. ഇത് ആറാം തവണയാണ് ശബരിമല വിഷയം ഉന്നയിച്ച് സഭ പിരിയുന്നത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേളയും റദ്ദാക്കി.
ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം മുന്നോട്ട് വച്ചത്. ശൂന്യവേളയില്‍ വിഷയം പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് നിയമസഭക്ക് മുന്നില്‍ സത്യാഗ്രഹം നടത്തുന്ന എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുള്ള ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം ബാനറുയര്‍ത്തി പ്രതിഷേധിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സഭ നടപടികളോട് പ്രതിപക്ഷം സഹകരിക്കാമെന്ന് പറഞ്ഞിരുന്നതായി സ്പീക്കര്‍ ഓര്‍മ്മപ്പെടുത്തിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.
നിയമസഭ തുടങ്ങുന്നതിന് മുന്‍പ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തിയിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കാന്‍ കഴിയുമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കാത്തതോടെ സമരവുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു.