കാസർകോഡ് : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച കേരളത്തിലെത്തും. കാസർകോഡ് നടക്കുന്ന ഹിന്ദു സമാജോത്സവം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്.വിപുലമായ ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിരിക്കുന്നത്.
കാസർകോഡ് ജില്ലാ ഹിന്ദു സമാജോത്സവ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. m ഞായറാഴ്ച വൈകുന്നേരം 3.30 ന് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും.പരിപാടിയുടെ ഭാഗമായി ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന 2 ഘോഷയാത്രകളും സംഘടിപ്പിച്ചിട്ടുണ്ട്.
ചിന്മയാ മിഷൻ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, ആർ എസ് എസ് മംഗളുരു വിഭാഗ് കാര്യവാഹ് നാ. സീതാരാമ തുടങ്ങിയവർ സംസാരിക്കും. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും സന്യാസിമാരും പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ഹിന്ദു സമാജോത്സവത്തിന്റെ വിളംബരം എന്ന രീതിയിൽ കഴിഞ്ഞ ദിവസം നഗരത്തിൽ ബൈക്ക് റാലിയും കൂട്ടയോട്ടവും നടത്തിയിരുന്നു.