ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്കാന് നിയമപരമായി കഴിയുമോയെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കും. ഐടി ആക്റ്റ് അടക്കമുള്ള നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ പ്രതിക്ക് അവകാശം ഉണ്ടോയെന്ന് ബോധ്യപ്പെടുത്താന്‍ ദിലീപിന്റെ അഭിഭാഷകന് മുകുള്‍ റോഹ്ത്തഗിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നുള്ള ഹൈക്കോടതി വിധി പ്രസക്തമല്ലേയെന്ന് ഹര്‍ജി പരിഗണിക്കവേ സുപ്രീം കോടതി ചോദിച്ചിരുന്നു.
ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഹേമന്ത് ഗുപ്ത എന്നിവടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായാണ് ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മെമ്മറി കാര്‍ഡ് ഉള്‍പ്പടെ ഉള്ള കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് കാണിച്ചാണ് ഹര്‍ജി. മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.