ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായവരുടെ വ്യക്തിവിവരങ്ങള്‍ ഒരു രീതിയിലും വെളിപ്പെടുത്തരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ഇരകള്‍ മരിച്ചാല്‍ പോലും പേര് വെളിപ്പെടുത്തരുത്. മാധ്യമങ്ങള്‍ക്കും പൊലീസിനും ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. അവരെ തിരിച്ചറിയുന്ന തരത്തിലുള്ള യാതൊരു വിവരങ്ങളും നല്‍കരുതെന്നും ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബലാത്സംഗം, ലൈംഗിക പീഡനം, കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനം തുടങ്ങിയ കേസുകളില്‍ ഇരകളുടെ പേര് വിവരം മറച്ചിട്ട് പോലും എഫ്ഐആറില്‍ ചേര്‍ക്കരുത്. മാധ്യമസ്വാതന്ത്ര്യത്തിനും ഇരകളുടെ അവകാശത്തിനുമിടയില് അതിര്‍വരമ്പ് നിശ്ചയിക്കണം. ബലാത്സംഗത്തിന് ഇരകളായി ജീവിച്ചിരിക്കുന്നവര്‍ പൊതുസമൂഹത്തില്‍ തൊട്ടുകൂടാത്തവരായി അവശേഷിക്കുന്നത് അത്യന്തം വേദനാജനകമാണെന്നും കോടതി വ്യക്തമാക്കി.