കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 5.30 ന് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഔപചാരിക ഉദ്ഘാടനം നടത്തും. പ്രധാന വേദിയില്‍ ക്യൂറേറ്റര്‍ അനിത ദുബൈ ബിനാലെയുടെ പതാകയുയര്‍ത്തും. 108 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ നാലാം പതിപ്പാണ് ഇത്തവണത്തേത്.
2019 മാര്‍ച്ച് 29 വരെ നടക്കുന്ന ബിനാലെയില്‍ കലാപ്രദര്‍ശനം, ചര്‍ച്ചകള്‍, സംഗീതം, സിനിമ തുടങ്ങി വിവിധ മേഖലകള്‍ സ്പര്‍ശിക്കും. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം തുടങ്ങി പത്ത് വേദികളിലായാണ് ബിനാലെ നടക്കുന്നത്.
30 രാജ്യങ്ങളില്‍ നിന്നായി 94 ഓളം കലാകാരന്മാര് ബിനാലെയില്‍ പങ്കെടുക്കും. ‘അന്യത്വത്തില്‍ നിന്നും അന്യതയിലേയ്ക്ക്’ എന്നതാണ് ക്യൂറേറ്റര്‍ പ്രമേയം.
ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, പൂര്‍വേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ കലാകാരന്മാരാണ് പങ്കെടുക്കുന്നത്. ഇത്തവണത്തെ ബിനാലെയില്‍ പങ്കെടുക്കുന്നതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന പ്രത്യേകതയും ഉണ്ട്.
100 രൂപയാണ് ടിക്കറ്റ് നിരക്ക്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് 50 രൂപയും.
അതേസമയം, പ്രമുഖ കലാകാരനും കൊച്ചി ബിനാലെ കമ്മറ്റി സെക്രട്ടറിയുമായിരുന്ന റിയാസ് കോമുവുനെതിരെ ഒരു കലാകാരി മീടൂ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് റിയാസ് കോമു പദവികളെല്ലാം രാജിവെച്ചിരുന്നു.