കൊച്ചി: സ്കൂള്‍ യൂണിഫോമിനൊപ്പം തട്ടവും മുഴുക്കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നത് മാനേജ്മെന്റുകളോട് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി. മതവിശ്വാസ സംരക്ഷണത്തേക്കാള്‍ മുന്‍തൂക്കം സ്കൂളിന്റെ സ്വച്ഛന്ദപ്രവര്ത്തനത്തിനാണെന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം.
മതപരമായ കാര്യങ്ങള്‍ ആപേക്ഷിക അവകാശത്തിലാണ് വരുന്നതെന്നും എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിന് മാനേജ്മെന്റിന് തുല്യ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.
സ്കൂളിന്റെ വസ്ത്രരീതി തീരുമാനിക്കാനുള്ള അധികാരം മാനേജ്മെന്റിനുണ്ട്. ഇത് പാലിക്കാമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ തുടരാമെന്നും അല്ലാത്ത പക്ഷം ഹര്‍ജിക്കാര്‍ക്ക് ടി.സി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.