നോയിഡ: വിവാഹവുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങുകള്‍ക്കിടെ വെടിയേറ്റ് 14കാരന് ദാരുണാന്ത്യം. നോയിഡയിലെ ഗോഡി ബച്ചേഡ ഗ്രാമത്തിലാണ് സംഭവം. വരന്റെ ഒപ്പമെത്തിയവര്‍ നടത്തിയ വെടിവപ്പിലാണ് ഗൗരവ് എന്ന കുട്ടി കൊല്ലപ്പെട്ടത്. വിവാഹച്ചടങ്ങുകള്‍ക്കിടെ വെടിവപ്പ് നടത്തുന്നത് ഉത്തരേന്ത്യയില്‍ സാധാരണമാണ്.
കഴിഞ്ഞ ദിവസം രാത്രി നടന്ന ചടങ്ങിലും വെടിവപ്പ് സംഘടിപ്പിച്ചിരുന്നു. ആകാശത്തേക്കാണ് വെടിയുതിര്‍ത്തതെങ്കിലും ഇത് ലക്ഷ്യം തെറ്റി കുട്ടിയുടെ ശരീരത്തില്‍ കൊള്ളുകയായിരുന്നു. ഗൗരവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സംഭവത്തില്‍ കുട്ടിയുടെ പിതാവ് ജഗദീഷ് പൊലീസില്‍ പരാതി നല്കി. വരന് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യം ശേഖരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.