ന്യൂഡൽഹി : അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ചിത്രം ആലേഖനം ചെയ്ത നൂറു രൂപയുടെ നാണയം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ.ഈ വർഷം ആഗസ്റ്റ് 16 നാണ് വാജ്പേയ് അന്തരിച്ചത്.
അദ്ദേഹത്തിനോടുള്ള ആദരസൂചകമായി നാലു ഹിമാലയൻ കൊടുമുടികൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നു.ഛത്തീസ്ഗഡിലെ നയാ റായ്പൂരിന്റെ പേര് അടൽ നഗർ എന്ന് മാറ്റുകയും ചെയ്തു.
പുതുതായി ഇറക്കുന്ന നാണയത്തിൽ ഒരു വശത്ത് വാജ്പേയുടെ ചിത്രവും ,മറുവശത്ത് അശോകസ്തംഭത്തിലെ സിംഹത്തിന്റെ ചിത്രവുമാകും ഉണ്ടാകുക.ഇതിനൊപ്പം സത്യമേവ ജയതേ എന്ന് രേഖപ്പെടുത്തും.വാജ്പേയുടെ ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും,ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേര് എഴുതിയിട്ടുണ്ടാകും.
ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ജനന,മരണ വർഷങ്ങൾ രേഖപ്പെടുത്തും.സിംഹത്തിന്റെ ഇടത് ഭാഗത്ത് ദേവനാഗരി ലിപിയിൽ ഭാരത് എന്നും,വലതു ഭാഗത്ത് ഇംഗ്ലീഷിൽ ഇന്ത്യയെന്ന് രേഖപ്പെടുത്തും.നാണയത്തിന് 35 ഗ്രാമാണ് ഭാരം.