കോട്ടയം: പിറവം വലിയ പള്ളി വിഷയത്തില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാനുള്ള സന്മനസ് യാക്കോബായ സഭ കാണിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ. തങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് എതിരല്ല. അതേസമയം പിറവം പള്ളി വിഷയത്തില്‍ സിപിഎമ്മും യാക്കോബായ സഭയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണെന്നും ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. 2017 ജൂലൈ മൂന്നിന് കോടതി വിധിയെ അപലപിക്കാനായി യാക്കോബായ സഭ ചേര്‍ന്ന യോഗത്തില്‍ സിപിഎം പ്രതിനിധികള്‍ പങ്കെടുത്തത് അവിശുദ്ധ ബന്ധത്തിന്റെ സൂചനയാണ്.
പിറവം വലിയ പള്ളിയില്‍ കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തത് ഈ ബന്ധം കാരണമാണ്. ശബരിമല പ്രശ്നവും പിറവം പ്രശ്നവും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ശബരിമലയിലേത് ആചാരത്തെ സംബന്ധിക്കുന്ന പ്രശ്നമാണ്. പിറവത്തേത് ഭരണപരവും. എന്നാല്‍ ശബരിമലയില്‍ വിധി നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ പിന്നോട്ട് പോകുന്നത് രാഷ്ട്രീയ ലാഭത്തിനാണെന്നും സഭ കുറ്റപ്പെടുത്തി.
പൊലീസ് യഥാസമയം നടപടികള്‍ സ്വീകരിക്കാത്തതാണ് പിറവം വലിയ പള്ളിയിലെ സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. മറ്റ് സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാക്കുന്നവര്‍ക്കെതിരെ ക്യാമറ നിരീക്ഷണത്തിലൂടെ വരെ കേസെടുക്കുന്ന പൊലീസ് പിറവത്ത് സംഘര്‍ഷമുണ്ടാക്കിയ എത്ര പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പറയണം.
മൂന്ന് മാസത്തിനുള്ളില്‍ വിധി നടപ്പാക്കാന്‍ സര്‍ക്കാരും പൊലീസും തയാറായില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കും. സഭയിലെ പ്രശ്നങ്ങള്‍ അവസാനിക്കാത്തത് യാക്കോബായ സഭ സഹകരിക്കാത്തതിനാലാണ്. ഭരണഘടനയുടെ അടിസ്ഥാനത്തിലല്ലാതെ ഒരു സമാധാന ശ്രമത്തിനും ഓര്‍ത്തഡോക്സ് സഭ ആഗ്രഹിക്കുന്നില്ലെന്നും സഭാംഗങ്ങള്‍ പറഞ്ഞു.