കൊച്ചി: എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള ഉത്തരവ് നടപ്പാക്കാന്‍ രണ്ട് മാസം സമയം ചോദിച്ച് കെഎസ്ആര്‍ടിസി ഫയല്‍ ചെയ്ത ടൈം എക്സ്റ്റന്‍ഷന്‍ പെറ്റീഷന് ഡിവിഷന് ബെഞ്ച് തള്ളി. എന്താണ് ചെയ്യേണ്ടത് തങ്ങള്‍ക്ക് അറിയാമെന്നും ഇനി സാവകാശം നല്കാന് ആവില്ല എന്നും കോടതി വ്യക്തമാക്കി. ഫലത്തില്‍ 17ന് കേസ് വരുന്നതിന് മുന്‍പ് 4071 പേരെ പിരിച്ചു വിടണം.
അതേസമയം കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്കെതിരെയും ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കോടതി ഉത്തരവിനെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിലാണ് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയത്. കെഎസ്ആര്ടിസിഎം പാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്നാണ് തച്ചങ്കരി പത്രസമ്മേളനത്തില്‍ പറഞ്ഞത്.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും കെഎസ്ആര്‍ടിസിയിലെ വിവിധ തസ്തികകളില്‍ നിയമനം ലഭിക്കാത്തതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയിലാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കോടതി ഉത്തരവിട്ടത്. കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനും പകരം പിഎസ് സി റാങ്ക് ലിസിറ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതി മാനദണ്ഡമനുസരിച്ചായിരിക്കണം പിരിച്ചുവിടല്‍ നടപടി എന്നും കോടതി നിര്‍ദ്ദേശം നല്കി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.