തിരുവനന്തപുരം: പോലീസുകാരെ പൊതു നിരത്തിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
ട്രാഫിക് സിഗ്നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞ പോലീസുകാര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപമാണ് സംഭവം.
ട്രാഫിക് നിയമം ലംഘിച്ച് യുടേണ്‍ എടുത്ത ബൈക്ക് യാത്രക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന അമല്‍ കൃഷ്ണയെന്ന പോലീസുകാരന് തടഞ്ഞു. പ്രകോപിതനായ യുവാവ് പോലീസിനെ പിടിച്ചു തള്ളുകയും തര്‍ക്കിക്കുകയും ചെയ്തു.
ഇതുകണ്ട പോലീസുകാരായ വിനയ ചന്ദ്രനും ശരത്തും ഇടപെട്ടു. തുടര്‍ന്ന് യുവാവ് ഫോണ്‍ ചെയ്ത് കൂട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. ഉടന്‍ യൂണിവേഴ്സിറ്റി കോളേജിന് സമീപത്തു നിന്നും വിദ്യാത്ഥികള്‍ പാഞ്ഞെത്തി. സഹപ്രവര്‍ത്തകരെ മദ്ദിക്കുന്നത് കണ്ട അമല്‍കൃഷ്ണ കണ്ട്രോള് റൂമില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. പോലീസ് സംഘം എത്തിയപ്പോഴേക്കും ഇരു പോലീസുകാരെയും മദ്ദിച്ചവശരാക്കിയിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമികളെ പിടികൂടി ജീപ്പില്‍ കയറ്റാന്‍ ശ്രമിക്കവേ എസ്എഫ്ഐ നേതാക്കള്‍ സ്ഥലത്തെത്തി ജീപ്പ് തടഞ്ഞു. കൂടുതല്‍ എസ്എഫ്ഐ നേതാക്കളും വിദ്യാര്‍ത്ഥികളും സംഘടിച്ചതോടെ പോലീസുകാര്‍ പിന്മാറി. പരിക്കേറ്റ പോലീസുകാരെ മറ്റൊരു ജീപ്പില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.