കോഴിക്കോട് ∙ സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന തൃശൂർ കുട്ടനെല്ലൂർ കിഴക്കേപ്പാട്ട് വാരിയത്ത് കെ.എസ്. വാര്യർ (കെ.ശൂലപാണി വാര്യർ–91) അന്തരിച്ചു. ബേപ്പൂർ തമ്പി റോഡ് ‘വൈശാഖി’ലായിരുന്നു താമസം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. സംസ്കാരം തൃശൂർ പാറമേക്കാവ് ശാന്തീ ഘട്ടിൽ നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കും.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 1945 സെപ്റ്റംബർ മുതൽ ഒരു വർഷം തടവുശിക്ഷയനുഭവിച്ചിട്ടുണ്ട്. പ്രജാമണ്ഡലത്തിന്റെ നേതാവും സ്ഥാനാർഥിയുമായിരുന്നു. സജീവരാഷ്ട്രീയം ഒഴിവാക്കി മലയാള മനോരമയിൽ ചേർന്ന അദ്ദേഹം 1988ൽ ചീഫ് പ്രൂഫ് റീഡറായിട്ടാണ് വിരമിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിലൊരാളാണ്. പത്രപ്രവർത്തക യൂണിയൻ സംസ്ഥാനസമിതി അംഗവുമായിരുന്നു.
ഭാര്യ: കുണ്ടിലാത്ത് വാരിയത്ത് പത്മിനി വാരസ്യാർ (ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ് റിട്ട. ഉദ്യോഗസ്ഥ). മക്കൾ: വിനോദ് കുമാർ, പരേതനായ പ്രസന്നകുമാർ, സുജാത , മരുമകൻ എടക്കുന്നി വാരിയത്ത് ബലരാമൻ.