കണ്ണൂർ : അയ്യപ്പജ്യോതിക്ക് കേരളസമൂഹം നൽകിയ പിന്തുണ ഏറ്റെടുത്ത് ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭം പൂർവാധികം ശക്തമായി തുടരുമെന്ന് ശബരിമല കർമ്മസമിതി . പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം ഉടൻ തീരുമാനിക്കും . ആചാരലംഘനത്തിനുള്ള ശ്രമം ഇനിയും തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് കർമസമിതി വർക്കിംഗ് ചെയർപേഴ്സൺ കെപി ശശികല ടീച്ചർ .
സംസ്ഥാന സർക്കാരിന്റെയും ഇടത് പക്ഷത്തിന്റെയും ഇടത് തീവ്രവാദ സംഘടനകളുടെയും ഗൂഢശ്രമങ്ങൾക്ക് മുന്നിൽ അയ്യപ്പജ്യോതിക്കുണ്ടായ വിജയം യുവതീ പ്രവേശന വിഷയത്തിൽ ശബരിമല കർമ്മസമിതിയുടെ നിലപാടുകൾക്കുള്ള പിന്തുണയാണ് . അതെ സമയം സംസ്ഥാന സർക്കാരിന്റെ ആചാര ലംഘന നീക്കങ്ങൾക്കുള്ള മുന്നറിയിപ്പുമാണ് .
വിവിധ സാമുദായിക സംഘടനകളുടെ പങ്കാളിത്തമാണ് അയ്യപ്പജ്യോതിയുടെ വിജയത്തിന് പിന്നിലെന്ന് കർമസമിതി വിലയിരുത്തുന്നു. ആയതിനാൽ എല്ലാവരുമായും കൂടിയാലോചിച്ചു ശബരിമല പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം തീരുമാനിക്കുമെന്ന് കെപി ശശികല ടീച്ചർ പറഞ്ഞു .
ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിന് കേരള സമൂഹത്തിന്റെ പിന്തുണയില്ല എന്നതിന്റെ ദൃഷ്ടാന്തമാണ് അയ്യപ്പജ്യോതിയുടെ വിജയം . യാഥാർഥ്യം ഉൾക്കൊണ്ട് സർക്കാർ ആചാരലംഘന നീക്കങ്ങളിൽ നിന്ന് ഇനിയും പിന്മാറിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ശശികല ടീച്ചർ മുന്നറിയിപ്പ് നൽകി.ശബരിമല പ്രക്ഷോഭത്തിന്റെ അടുത്തഘട്ടം പൂർവാധികം ശക്തമായിരിക്കുമെന്ന് കർമ്മസമിതി വ്യക്തമാക്കി .