ശ്രീനഗർ ; ഇന്ത്യയിലെ ഏറ്റവും വലിയ റയിൽ റോഡിനു പിന്നാലെ ലോകത്തെ തന്നെ ഏറ്റവും വലിയ റയിൽവേ കമാനപ്പാലം വരുന്നു.കശ്മീരിലെ ചെനാബ് നദിയ്ക്ക് കുറുകെയാണ് പാലം വരുന്നത്.
കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ ഉദ്ദംപുര്‍- ശ്രീനഗര്‍- ബാരാമുള്ള പാതയിലെ കത്ര മുതൽ ബനിഹാൽ വരെയുള്ള ഭാഗത്താണ് ഇന്ത്യൻ റയിൽ വേ പാലം നിർമ്മിക്കുന്നത്.മേൽ പാലത്തിന്റെ കമാനം 2017 ൽ ഉദ്ഘാടനം ചെയ്തിരുന്നു.
പണി പൂർത്തിയാകുമ്പോൾ 1315 കിലോമീറ്റർ നീളവും,359 മീറ്റർ ഉയരവുമുള്ള പാലം ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള റയിൽ വേ പാലമായിരിക്കും.പതിനാലു മീറ്റർ വീതിയുള്ള ഇരട്ടവരിപ്പാതയും ഈ റയിൽ വേ പാലത്തിനൊപ്പം നിർമ്മിക്കും.ഈഫൽ ടവറിനേക്കാൾ 30 അടി ഉയരത്തിലാണ് പാലത്തിന്റെ നിർമ്മാണം.
2004 ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതിശക്തമായ കാറ്റടിക്കുന്ന പ്രദേശമായതിനാൽ യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചു സംശയം ഉയർന്നതോടെ 2008 ൽ നിർമ്മാണം നിർത്തി വച്ചു.
കാറ്റിന്റെ വേഗത മണിക്കൂറിൽ 90 കിലോമീറ്ററിനു മുകളിൽ എത്തിയാൽ ട്രയിൻ സർവീസ് നിർത്തി വയ്ക്കുമെന്ന ഉറപ്പിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചത്.
റിക്ടര്‍ സ്കെയിലില്‍ എട്ട് തീവ്രത വരെയുള്ള ഭൂചലനങ്ങളെയും,മണിക്കൂറിൽ 260 കിലോമീറ്റർ വേഗതയുള്ള കാറ്റിനെയും അതിജീവിച്ച്,120 വർഷത്തോളം നിലനിൽക്കും വിധമാണ് പാലത്തിന്റെ നിർമ്മാണം.25000 മെട്രിക്ക് ടൺ ഇരുമ്പ് ഉപയോഗിച്ചാണ് നിർമ്മാണം.
പാലത്തിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന് റയിൽ വേ മന്ത്രി പീയുഷ് ഗോയൽ അറിയിച്ചു.