അഗർത്തല : ത്രിപുര മുനിസിപ്പൽ കൗൺസിലുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് സമ്പൂർണ വിജയം. ഉപതെരഞ്ഞെടുപ്പ് നടന്ന 11 മുനിസിപ്പൽ കൗൺസിലുകളും ബിജെപി നേടി. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിൽ നാലു സീറ്റുകളിലും ബിജെപി വിജയിച്ചു. സിപിഎമ്മിന് ഭൂരിഭാഗം സീറ്റുകളിലും കെട്ടിവെച്ച കാശു പോലും ലഭിച്ചില്ല. കോൺഗ്രസും തകർന്നടിഞ്ഞു.
നേരത്തെ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജെപിയുടെ സമ്പൂർണ ആധിപത്യമായിരുന്നു കാണാൻ കഴിഞ്ഞത്. 96 ശതമാനം പഞ്ചായത്ത് സീറ്റുകളിലും ബിജെപി എതിരില്ലാതെ വിജയിച്ചു. തെരഞ്ഞെടുപ്പ് നടന്ന 130 സീറ്റുകളിൽ 113 ലും ബിജെപി വിജയിച്ചു.
സഖ്യകക്ഷിയായ ഐപിഎഫ്ടിക്ക് 9 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും നാലു സീറ്റുകൾ വീതമാണ് ലഭിച്ചത്. ഏഴു പഞ്ചായത്ത് സമിതിയിൽ അഞ്ചും ബിജെപി നേടിയിരുന്നു.സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് നീട്ടിവെച്ച ചാരിലാം നിയമ സഭ മണ്ഡലത്തിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലാണ് ഇടതിനെ നിലംപരിശാക്കി വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലേറിയത്. ബിപ്ലബ് ദേബ് സർക്കാരിന്റെ പ്രവർത്തനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലെ വിജയമെന്ന് ബിജെപി വ്യക്തമാക്കി.