ദുബായ്: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്സ് വിമാനക്കമ്പനി 500 ടിക്കറ്റുകൾ സൗജന്യമായി നൽകുന്നുവെന്ന പ്രചാരണം തെറ്റെന്ന് അധികൃതർ. എമിറേറ്റ്സിന്റെ അറിയിപ്പുകൾ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മാത്രമേ പുറത്തുവിടുകയുള്ളുവെന്നും ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അടുത്തിടെയാണ് പുതുവത്സരം ആഘോഷിക്കുന്നതിന്റെ ഭാഗായി എമിറേറ്റ്സ് വിമാനക്കമ്പനി 500 ടിക്കറ്റുകൾ സൗജന്യമായി നൽകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചാരിച്ചത്.
എമിറേറ്റ്സിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടെയുള്ള ചിത്രങ്ങളുടേയും ദൃശ്യങ്ങളുടേയും സഹായത്തോടെ ചില വെബ്സൈറ്റുകളാണ് പ്രചാരണത്തിന്റെ പിന്നിൽ. ഓൺലൈൻ സർവ്വേയിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് സമ്മാനമായി ലഭിക്കുകയെന്നാണ് സന്ദേശത്തിൽ പറഞ്ഞിരുന്നത്.
ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് വിമാനക്കമ്പനി അറിയിപ്പുമായി രംഗത്തെത്തിയത്.
ഇത്തരം ലിങ്കുകളിൽ ക്ളിക്ക് ചെയ്യരുതെന്നും, അങ്ങനെ ചെയ്യുന്ന പക്ഷം വ്യക്തി വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ചോരുമെന്നും അക്കൗണ്ടുകളിൽ നിന്നും പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
എമിറേറ്റ്സിന്റെ അറിയിപ്പുകളും പരസ്യങ്ങളും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ മാത്രമേ നടത്തുകയുള്ളുവെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. 2017 സെപ്റ്റംബറിലും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടന്നിരുന്നു.