മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികത്തോടനുബന്ധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടിപ്പിച്ച പോസ്റ്റർ പ്രദർശനം ശ്രദ്ധേയമായി. ഗാന്ധി, ഖാദി, ഗീത എന്ന പ്രമേയത്തിൽ, ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിജ്ഞാൻ വികാസ് എന്ന കൂട്ടായ്മയുടെ സഹകരണത്തോടെ ഇന്ത്യൻ കോൺസുലേറ്റ് ആണ് രണ്ടു ദിവസം നീണ്ടു നിന്ന പ്രദർശനം സംഘടിപ്പിച്ചത്.
ഗാന്ധി, ഖാദി, ഗീത – ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് എന്ന പ്രമേയത്തിൽ രാഷ്ട്രപിതാവിന്റെ 150 ആം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ പ്രദർശനം ഒരുക്കിയത്. ഗാന്ധിജിയുടെ ജീവിതവും, അദ്ദേഹത്തിന്റെ ജീവിതത്തിൽ ഭഗവത് ഗീതയുടെ ദര്ശനങ്ങൾ ചെലുത്തിയ സ്വാധീനവും പുതുതലമുറക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ പ്രദർശനം കാണാൻ നൂറു കണക്കിന് പേരാണ് എത്തിയത്. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന വിജ്ഞാൻ വികാസ് എന്ന കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രദർശനം ഒരുക്കിയത്. നാലാം തീയതി വൈകിട്ട് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഖാദി ഗ്രാമോദ്യോഗ് ഭവന്റെ പ്രത്യേക പവലിയനും ഉണ്ടായിരുന്നു. ഗാന്ധിജിയുടെ സ്മരണയിൽ പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ പ്രദർശനവും ഒരുക്കിയിരുന്നു. വിജ്ഞാൻ വികാസിലെ അംഗങ്ങളായ വിദ്യാർഥികൾ ഓരോ പോസ്റ്ററുകളുടെയും വിശദാംശങ്ങൾ കാഴ്ചക്കാർക്ക് വിശദീകരിച്ചു കൊടുത്തു. വിജ്ഞാൻ വികാസ് ഡയറക്ടർ സതീഷ് മേനോൻ ന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്ത്യൻ കോൺസുലേറ്റ് ഹാളിൽ രണ്ട് ദിവസം നീണ്ടു നിന്ന പരിപാടി സംഘടിപ്പിച്ചത്.