Kerala

വിരട്ടൽ ഇങ്ങോട്ടും വേണ്ട മുഖ്യമന്ത്രീ; കേരളത്തിലെ ബിജെപി പ്രവർത്തകർ ഒറ്റക്കല്ല; മറുപടിയുമായി ശ്രീധരൻപിള്ള

തിരുവനന്തപുരം: മുഖ്യമന്ത്രി കവല ചട്ടമ്പി യെ പോലെ പ്രതികരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. മുഖ്യമന്ത്രിയുടെ വിരട്ടൽ ഇങ്ങോട്ടും വേണ്ട. സമയം വരുമ്പോൾ ബിജെപിയുടെ ശക്തി പിണറായിക്ക് മനസിലാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപി പ്രവർത്തകരെ വിരട്ടുന്ന സ്വഭാവം മുഖ്യമന്ത്രി നിർത്തണം. ഇല്ലെങ്കിൽ അവസരം ലഭിക്കുമ്പോൾ ജനങ്ങൾ മറുപടി നൽകും. പഴയ തലശേരിയിലെ അവസ്ഥയല്ല കേരളത്തിലിപ്പോഴെന്ന് പിണറായി വിജയൻ ഓർക്കുന്നത് നല്ലതാണ്. സിപിഎം ഉയർത്തിയ അക്രമത്തിന്റെ പ്രതിരോധം തകർത്താണ് ബിജെപി കേരളത്തിൽ വളർന്നത്. അതുകൊണ്ട് പിണറായിയുടെ ഭീഷണിയും വിരട്ടലും ബിജെപി പ്രവർത്തകരോട് വേണ്ട.

കേരളത്തിലെ ബിജെപി പ്രവർത്തകർ ഒറ്റക്കല്ല. ഇന്ന് പാർലമെന്റിലെ സംഭവ വികാസങ്ങളിൽ നിന്ന് പിണറായിക്കും കോടിയേരിയ്ക്കും ഇത് മനസ്സിലാകേണ്ടതാണ്. അത് തിരിച്ചറിഞ്ഞാൽ നിങ്ങൾക്ക് നല്ലതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പിനാണ് ശ്രീധരൻ പിള്ളയുടെ മറുപടി.

15K Shares
Back to top button
Close