ന്യൂഡല്‍ഹി: ഹാര്‍വഡ് സര്‍വകലാശാല ഇക്കണോമിക്സ് പ്രൊഫസറും മലയാളിയുമായ ഗീത ഗോപിനാഥ് രാജ്യാന്തര നാണയനിധി(ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധയായി ചുമതലയേറ്റു. ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഗീത ഗോപിനാഥിനെ ചീഫ് ഇക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്.
2001ല്‍ പ്രിന്‍സ്ടണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഗീത, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലും ഉപരിപഠനം നടത്തിയിട്ടുള്ള ഗീതക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. യുവ ലോകനേതാക്കളില്‍ ഒരാളായി വേള്‍ഡ് ഇക്കണോമിക് ഫോറം തിരഞ്ഞെടുത്തിരുന്നു.