ബംഗലൂരു: കര്‍ണാടകയില്‍ ജെഡി(എസ്) – കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍. ഭരണത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ ഇടപെടലിനെതിരെ ആഞ്ഞടിച്ച് എച്ച്.ഡി കുമരസ്വാമി രംഗത്ത്. മുഖ്യമന്ത്രിയായ താന്‍ ഒരു ഗുമസ്തനെപ്പോലെയാണ് പണിയെടുക്കുന്നതെന്നും ദൈനംദിന ഭരണ നിര്‍വ്വഹണത്തില്‍ കോണ്‍ഗ്രസിന്റെ ശക്തമായ ഇടപെടലാണുള്ളതെന്നും പാര്‍ട്ടി സമ്മേളനത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമരസ്വാമി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്ക് ഗുണകരമായ ‘ചില കാര്യങ്ങള്‍’ ചെയ്യാന്‍ തന്നെ നിര്ബന്ധിതനാക്കുകയാണെന്നും കുമരസ്വാമി ആരോപിച്ചു.
മുഖ്യമന്ത്രിയായ താന്‍ ഇപ്പോള്‍ സമ്മര്ദ്ദങ്ങള്ക്കടിമപ്പെട്ടിരിക്കുകയാണെന്നും ഒരു കീഴ്ജീവനക്കാരനെപ്പോലെ പെരുമാറണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈയിലും കോണ്‍ഗ്രസ് നേതൃത്വവുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കുമരസ്വാമി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ താന്‍ സന്തോഷവാനല്ലെന്നും വിഷം ഭക്ഷിച്ച മഹദേവന്റെ അവസ്ഥയിലാണ് താന്‍ ഇപ്പോള്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടി സംസ്ഥാന തിരഞ്ഞെടുപ്പില്‍ നേടിയ സീറ്റുകളില്‍ തൃപ്തനല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, കോണ്‍ഗ്രസ് ഇരു പാര്‍ട്ടികളും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണം നിഷേധിച്ചു.
പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത പുറത്ത് വന്നതോടുകൂടി വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.